ഹോർമുസ് കടലിടുക്ക് : തീരുമാനമായില്ലെന്ന് ഇറാൻ

Tuesday 15 July 2025 7:32 AM IST

ടെഹ്‌റാൻ: ലോകത്തിലെ നിർണായകമായ ഊർജ്ജ ഇടനാഴിയായ ഹോർമുസ് കടലിടുക്ക് അടച്ചിടുന്നതിനെ പറ്റി ഇപ്പോഴും പരിശോധിക്കുന്നുണ്ടെന്നും എന്നാൽ, ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ഇറാൻ പാർലമെന്റ് അംഗം ഇ‌സ്‌മയിൽ കൊസാരി. 'ഹോർമുസ് കടലിടുക്ക് സംബന്ധിച്ച 'സൈനിക നടപടികൾ" പൂർത്തിയായിട്ടുണ്ട്, പക്ഷേ അത് അടച്ചിടുന്നത് സംബന്ധിച്ച് ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല.

നിലവിൽ തങ്ങൾ കാര്യങ്ങൾ പുനഃപരിശോധിക്കുകയാണ്. അനിവാര്യ ഘട്ടം വരുമ്പോൾ തങ്ങൾക്ക് അത് നടപ്പിലാക്കാൻ കഴിയും

" - പാർലമെന്റിലെ ദേശീയ സുരക്ഷാ സമിതി അംഗം കൂടിയായ കൊസാരി പറഞ്ഞു. അതേ സമയം, എന്ത് സൈനിക നടപടികളെക്കുറിച്ചാണ് അദ്ദേഹം പരാമർശിച്ചതെന്ന് വ്യക്തമല്ല.

ഇസ്രയേലുമായി ജൂൺ 13 മുതൽ 12 ദിവസം നീണ്ട സംഘർഷത്തിനിടെയാണ് ആഗോള എണ്ണ, വാതക കയ​റ്റുമതിയുടെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് അടയ്ക്കാൻ ഇറാൻ നീക്കം നടത്തിയത്. ഇതിനുമുമ്പും പല തവണ ഇറാൻ ഹോർമുസ് അടയ്ക്കുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ടെങ്കിലും സൗദി അറേബ്യ,​ കുവൈറ്റ്,​ ഇറാഖ് തുടങ്ങിയ രാജ്യങ്ങളുടെ സമ്മർദ്ദത്താൽ അത് സാധിച്ചിട്ടില്ല.

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽപ്പാതകളിലൊന്നാണ് ഹോർമുസ് കടലിടുക്ക്. വടക്ക് ഇറാനും തെക്ക് ഒമാനും യു.എ.ഇയുമായുള്ള ഈ സമുദ്ര ഇടനാഴിക്ക് 167 കി. മീറ്റർ നീളമുണ്ട്. പേർഷ്യൻ ഗൾഫിനും ഗൾഫ് ഒഫ് ഒമാനും ഇടയിലായി സ്ഥിതി ചെയ്യുന്നു. പേർഷ്യൻ ഗൾഫിൽ നിന്ന് അറബിക്കടലിലേക്ക് കടക്കാനുള്ള ഏക കടൽപ്പാതയാണ് ഹോർമുസ്.