കോളേജ് അദ്ധ്യാപകന്റെ പീഡനം സഹിക്കാനാകാതെ തീകൊളുത്തിയ വിദ്യാർത്ഥിനി മരിച്ചു, പ്രിൻസിപ്പൽ അറസ്റ്റിൽ

Tuesday 15 July 2025 7:43 AM IST

ഭുവനേശ്വർ: കോളേജ് അദ്ധ്യാപകനെതിരെ ലെെംഗികാതിക്രമ പരാതി നൽകിയിട്ടും നടപടി എടുക്കാതിരുന്നതിനെ തുടർന്ന് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു. ഭുവനേശ്വർ എയിംസിൽ ചികിത്സയിൽ കഴിയവേയാണ് മരണം. ഇന്നലെ അർദ്ധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. തീകൊളുത്തിയതിനെത്തുടർന്ന് 20കാരിക്ക് 95 ശതമാനം പൊള്ളലേറ്റിരുന്നു.

ഒഡീഷ ബാലസോറിലെ ഫക്കീർ മോഹൻ ഓട്ടോണമസ് കോളേജിലാണ് സംഭവം നടന്നത്. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് കോളേജിൽ പെട്രോളൊഴിച്ച് തീകൊളുത്തിയത്. മാനസികവും ശാരീരികവുമായ പീഡനം സഹിക്കാനാകാതെ ജൂൺ മുപ്പതിന് വകുപ്പ് മേധാവി സമീർ കുമാർ സാഹുവിനെതിരെ വിദ്യാർത്ഥിനി പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. മോശമായി പെരുമാറിയെന്നും തനിക്ക് വഴങ്ങിയില്ലെങ്കിൽ പരീക്ഷയിൽ മാർക്ക് കുറയ്ക്കുമെന്നും ഭീഷണിപ്പെടുത്തിയെന്ന് പരാതിയിലുണ്ട്. എന്നാൽ കോളേജ് അധികൃതർ അദ്ധ്യാപകനെതിരെ ഒരു നടപടിയുമെടുത്തില്ല. തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് വിദ്യാർത്ഥിനി സ്വയം തീകൊളുത്തിയത്. രക്ഷപ്പെടുത്താൻ ശ്രമിച്ച രണ്ട് സഹപാഠികൾക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

സംഭവത്തിൽ കോളേജ് പ്രിൻസിപ്പൽ ദിലീപ് ഘോഷ് ഇന്നലെ അറസ്റ്റിലായി. രാഷ്‌ട്രപതി ദ്രൗപതി മുർമു ഇന്നലെ എയിംസിലെത്തി വിദ്യാർത്ഥിനിയെയും കുടുംബത്തെയും സന്ദർശിച്ചിരുന്നു. കുറ്റവാളികൾക്കെതിരെ കടുത്ത നടപടി ഉറപ്പാക്കുമെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി അറിയിച്ചു. സമീർ കുമാർ സാഹുവിനെ കഴിഞ്ഞ ദിവസം കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. പരാതിയിൽ നടപടിയെടുക്കാത്തതിനെ തുടർന്ന് കോളേജ് പ്രിൻസപ്പിലിനെയും സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ രൂപീകരിച്ചിരിക്കുകയാണ്.