നെയ്യാർഡാം സ്വദേശിനിയെ തിരുനെൽവേലിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം, നിർണായക വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: കാണാതായ നെയ്യാർഡാം സ്വദേശിയായ മദ്ധ്യവയസ്കയെ തിരുനെൽവേലിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞമാസം 29ന് രാത്രി 11 മണിക്ക് ശേഷമാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. മദ്ധ്യവയസ്‌ക പീഡനത്തിനിരയായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ തിരുനൽവേലി സ്വദേശി വിപിൻ രാജ് കഴിഞ്ഞദിവസം പിടിയിലായി.
ഈ മാസം 11നാണ് 61കാരിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ നെയ്യാർഡാം പൊലീസിൽ പരാതി നൽകിയത്. സ്ഥിരമായി പള്ളിയിൽ പോകുന്നയാളായിരുന്നു കൊല്ലപ്പെട്ട സ്‌ത്രീ. ദിവസങ്ങൾക്കുശേഷമാണ് മടങ്ങിവരാറുള്ളത്. മൂന്നാഴ്‌ചയായിട്ടും സ്‌ത്രീയെ കാണാതായതോടെയാണ് ബന്ധുക്കൾ പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇവർ വർക്കലയിൽ പോയതായി വിവരം ലഭിച്ചു. എന്നാൽ പിന്നീട് വിവരമൊന്നും ലഭിച്ചിരുന്നില്ല.
തിരുനെൽവേലിയിലെ ആളൊഴിഞ്ഞ പറമ്പിൽ ഇന്നലെയാണ് സമീപവാസികൾ മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പരിശോധനയിൽ നെയ്യാർഡാം സ്വദേശിനിയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. തുടർന്നാണ് കേരള പൊലീസിന് വിവരം കൈമാറിയത്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ഇന്ന് വൈകിട്ടോടെ മൃതദേഹം നാട്ടിലെത്തിക്കും.
കഴിഞ്ഞമാസം 29ന് രാത്രി 11 മണിയോടെ റോഡിൽ നിൽക്കുകയായിരുന്ന സ്ത്രീയെ ബസ് സ്റ്റാന്റിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് പ്രതി വിപിൻ രാജ് ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ നിലവിളിച്ച സ്‌ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.