കാപ്പിപ്പൊടിയെടുത്തോളൂ, സിമ്പിളായി ഹെയർ ഡൈ തയ്യാറാക്കാം, അതും നിമിഷ നേരം കൊണ്ട്; നരച്ച മുടിയെല്ലാം കറുക്കും
ഇന്ന് മിക്കവരും നേരിടുന്ന സൗന്ദര്യ പ്രശ്നമാണ് അകാല നര. പാരമ്പര്യവും, ജീവിത ശൈലിയുമടക്കം നിരവധി കാരണങ്ങൾ കൊണ്ടാണ് അകാല നരയുണ്ടാകുന്നത്. ഇതിനെ തുരത്താനായി മാർക്കറ്റിൽ കിട്ടുന്ന ഹെയർ ഡൈയേയാണ് കൂടുതൽ പേരും ആശ്രയിക്കുന്നത്.
നാച്വറലായ രീതിയിൽ വീട്ടിലിരുന്നുകൊണ്ടുതന്നെ ഹെയർ ഡൈ തയ്യാറാക്കാനാകുമെങ്കിലും മെനക്കേടും സമയനഷ്ടവും ഓർത്താണ് പലരും ഇതിനുമടിക്കുന്നത്. എന്നാൽ വളരെയെളുപ്പത്തിൽത്തന്നെ കുറച്ച് സാധനങ്ങൾ ഉപയോഗിച്ച്, കെമിക്കലുകളൊന്നും ചേർക്കാതെ ഹെയർ ഡൈ തയ്യാറാക്കാനായാലോ? അതല്ലേ ഏറ്റവും നല്ലത്. അത്തരത്തിൽ ഡോ രാജേഷ് കുമാർ പങ്കുവച്ച ഒരു നാച്വറൽ ഡൈ മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വളരെ എളുപ്പത്തിൽത്തന്നെ ഇത് തയ്യാറാക്കാനും സാധിക്കും.
ആവശ്യമുള്ള സാധനങ്ങൾ
ഇരുമ്പിന്റെ ചീനച്ചട്ടി
കാപ്പിപ്പൊടി
വെളിച്ചെണ്ണ
തൈര്
തയ്യാറാക്കുന്ന വിധം
തുരുമ്പിന്റെ അംശമുള്ള ചീനച്ചട്ടിയിൽ രണ്ട് ടീസ്പൂൺ കാപ്പിപ്പൊടിയെടുക്കുക. മുടിയുടെ നീളവും നരയുടെ വ്യാപ്തിയുമൊക്കെ അനുസരിച്ച് അളവ് വ്യത്യാസപ്പെടാം. കാപ്പിപ്പൊടിയുടെ അതേ അളവിൽ വെളിച്ചെണ്ണയെടുക്കുക. മൂന്ന് ടീസ്പൂൺ തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി അരമണിക്കൂർ അടച്ച് സൂക്ഷിക്കുക. അതിനുശേഷം നരയിൽ നന്നായി തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം ചെമ്പരത്തിത്താളി കൊണ്ട് കഴുകിക്കളയുക.
തികച്ചും നാച്വറലായ രീതിയായതിനാൽത്തന്നെ ഒറ്റ ഉപയോഗത്തിൽ പൂർണമായ റിസൽട്ട് പ്രതീക്ഷിക്കരുത്. തുടർച്ചയായി ഇങ്ങനെ ചെയ്താൽ പതിയെ നരയെ തുരത്താനാകും.