വിമാനത്തിൽ  വനിതകളുടെ  സിനിമാസ്റ്റൈൽ  സ്റ്റണ്ട്,  ഏറ്റവും  ഒടുവിൽ  സംഭവിച്ചത്   ഇതായിരുന്നു

Tuesday 15 July 2025 11:17 AM IST

ന്യൂഡൽഹി: സ്പൈസ് ജെറ്റ് വിമാനത്തിൽ വനിതായാത്രക്കാർ തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് കോക്ക്പിറ്റിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമം. ഇന്നലെ ഉച്ചയ്ക്ക് 12:30ന് ഡൽഹിയിൽ നിന്നും മുംബയിലേക്ക് പറന്നുയരാൻ തയ്യാറെടുത്ത സ്‌പൈസ് ജെറ്റ് എസ്‌ജി 9282 വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിമാനം റൺവേയിൽ നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് യാത്രികരുടെ തർക്കം. പിന്നീട് ഇരുവരെയും വിമാനത്തിൽ നിന്നും ഇറക്കിവിട്ട ശേഷം സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി.

ക്യാബിൻ ക്രൂവും സഹയാത്രികരും ക്യാപ്റ്റൻ ഉൾപ്പെടെയുള്ളവരും വനിതാ യാത്രക്കാരോട് സീറ്റുകളിലേക്ക് മടങ്ങാൻ ആവർത്തിച്ചിട്ടും മറ്റുള്ള യാത്രക്കാർക്ക് ശല്ല്യമുണ്ടാക്കി ഇവർ തർക്കം തുടർന്നു . പിന്നീട് വഴക്ക് കോക്ക്പിറ്റിനടുത്തേക്ക് നീളുകയും പറക്കലിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തതോടെ പൈലറ്റുമാർ വിമാനം ടെർമിനലിലേക്ക് തന്നെ തിരിച്ചു വിട്ടു.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് ക്യാപ്റ്റൻ വിമാനം ബേയിലേക്ക് തന്നെ തിരികെ കൊണ്ടുവരാൻ തീരുമാനിച്ചത്. തുടർന്ന് രണ്ടു വനിതായാത്രക്കാരികളെയും സിഐഎസ്എഫിന് കൈമാറുകയായിരുന്നു. സംഭവത്തെ തുടർന്ന് ഏഴുമണിക്കൂറോളമാണ് വിമാനം വൈകിയത്. 12:30 ന് പുറപ്പെടേണ്ട വിമാനം 7:21 നാണ് പുറപ്പെട്ടത്. യാത്രക്കാർക്ക് ശല്ല്യമുണ്ടാക്കിയ വനിതകളെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് കസ്റ്റഡിയിലെടുത്തു.