റിഥപ്പനെ കാണാൻ വേണ്ടി മാത്രമല്ല ആ വീട്ടിൽ പോയത്, കേസിന്റെ പേപ്പർ കൊടുക്കാനുണ്ടായിരുന്നു; പ്രതികരിച്ച് കൊല്ലം സുധിയുടെ മകൻ
അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ മക്കളുടെ വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. കൊല്ലത്ത് താമസിക്കുന്ന സുധിയുടെ മൂത്തമകൻ തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു വീഡിയോ പങ്കുവച്ചത്. കോട്ടയത്തുള്ള അനുജൻ റിഥപ്പനെ കാണാൻ പോകുന്നതായിരുന്നു വീഡിയോ.
സുധിയുടെ ആദ്യവിവാഹത്തിലെ മകനാണ് കിച്ചു. സുധിയുടെയും രേണുവിന്റെയും മകനാണ് റിഥപ്പൻ. കുഞ്ഞനുജൻ റിഥപ്പനെ കാണാനായി കിച്ചു എത്തുന്ന സമയത്ത് രേണു സുധി വീട്ടിലുണ്ടായിരുന്നില്ല. റിഥപ്പൻ, അച്ഛനും അമ്മയ്ക്കും കിട്ടിയ ട്രോഫികളൊക്കെ ചേട്ടന് കാണിച്ചുകൊടുക്കുന്നത് വീഡിയോയിലുണ്ടായിരുന്നു. ഇതിൽ സുധിക്ക് കിട്ടിയ ട്രോഫികൾ കട്ടിലിനടിയിൽ ചാക്കിൽ കെട്ടിയ നിലയിലും രേണുവിന് കിട്ടിയ പുരസ്കാരങ്ങൾ മേശപ്പുറത്തുമായിരുന്നു ഉണ്ടായിരുന്നത്. ഇതോടെ സംഭവം ചർച്ചയായി. രേണുവിനെതിരെ രൂക്ഷവിമർശനം ഉയരുകയും ചെയ്തു.
റിഥപ്പൻ എടുത്തുനശിപ്പിക്കാതിരിക്കാനായിട്ടാണ് സുധിച്ചേട്ടന്റെ ട്രോഫി ചാക്കിൽ കെട്ടി സൂക്ഷിച്ചതെന്നായിരുന്നു രേണു പറഞ്ഞത്. എന്നിട്ടും സൈബർ ആക്രമണം തുടർന്നു. ഇതിനിടയിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് കിച്ചു.
ആരെയും മോശമായി ചിത്രീകരിക്കാൻ വേണ്ടിയല്ല വീഡിയോ ചെയ്തതെന്ന് കിച്ചു യൂട്യൂബ് ലൈവിലൂടെ വ്യക്തമാക്കി. റിഥപ്പനെ കാണാനായി പോയതാണ്. കൂടാതെ അച്ഛന്റെ ഇൻഷുറൻസുമായി ബന്ധപ്പെട്ട് ഒരു കേസുണ്ട്. അതിന്റെ പേപ്പർ കൊടുക്കാൻ കൂടിയാണ് കോട്ടയത്ത് പോയത്. റിഥപ്പനെ കാണാൻ ഇനിയും ഇടയ്ക്ക് പോകുമെന്നും കിച്ചു വീഡിയോയിലൂടെ വ്യക്തമാക്കി.