അടുക്കളയിൽ അമിതമായി ഗ്യാസിന്റെ മണം ഉണ്ടോ? എന്നാൽ ഉടൻ തന്നെ ഇക്കാര്യങ്ങൾ ചെയ്യണം

Tuesday 15 July 2025 12:36 PM IST

ഇന്ന് മിക്ക വീടുകളിലും എൽപിജിയാണ് ഉപയോഗിക്കുന്നത്. ഇത് ഉപയോഗിച്ച് വളരെ വേഗത്തിലും എളുപ്പത്തിലും പാചകം ചെയ്യാനാകും. എന്നാൽ ഉപയോഗം കൂടിയതിന് അനുസരിച്ച് ഇതിന്റെ അപകട സാദ്ധ്യതയും വർദ്ധിക്കുകയാണ്. അടുത്തിടെ ഗ്യാസ് പൊട്ടിത്തെറിച്ച പല അപകട വാർത്തകളും നിങ്ങൾ വായിച്ചുകാണും.

ഇത്തരം അപകടങ്ങൾക്ക് ഒരു പ്രധാന കാരണം ഗ്യാസ് ഉപയോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. ഗ്യാസ് എങ്ങനെ ഉപയോഗിക്കണം, അടിയന്തര ഘട്ടങ്ങളിൽ എന്തൊക്കെ ചെയ്യണം തുടങ്ങിയ കാര്യങ്ങൾ ഇപ്പോഴും പലർക്കും അറിയില്ല. ഗ്യാസിന് ചേർച്ചയുണ്ടെന്ന് സംശയം തോന്നിയാൽ ആദ്യം നിർബന്ധമായും ചെയ്യേണ്ട ചില കാര്യങ്ങൾ നോക്കിയാലോ?

  • ഗ്യാസിന് ചോർച്ച ഉണ്ടാകുമ്പോഴാണ് അമിതമായ ഗ്യാസ് പുറത്തുവരുന്നു. അമിതമായി ഗ്യാസിന്റെ മണം വന്നാൽ ഉടൻ തന്നെ അടുക്കളയിലെ ജനാലകളും വാതിലുകളും തുറന്നിടണം. ലോഹത്തിൽ നിന്നും സ്പാർക്ക് ഉണ്ടായി തീപിടിക്കാൻ സാദ്ധ്യതയുള്ളതിനാൽ നനഞ്ഞ തുണി ഉപയോഗിച്ച് ജനാലകൾ തുറക്കുന്നതാണ് നല്ലത്.
  • ചോർച്ചയുണ്ടെന്ന് തോന്നിയാൽ സാദ്ധ്യമെങ്കിൽ ഗ്യാസ് സിലിണ്ടർ വീടിന് പുറത്തേക്ക് എടുത്തുവയ്ക്കുക. ഇത് അപകട സാദ്ധ്യത കുറയ്ക്കുന്നു. അല്ലെങ്കിൽ ഗ്യാസിന് അടുത്ത് നിന്ന് അകലം പാലിച്ച് നിൽക്കുക. അമിതമായി ചോർച്ച ഉണ്ടെങ്കിൽ ഗ്യാസ് എടുക്കാനോ അടുത്ത് നിൽക്കാനോ പാടില്ല.
  • ചോർച്ചയുണ്ടെങ്കിൽ ലെെറ്റ്, ഫാൻതുടങ്ങിയ ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിക്കാതെ ഇരിയ്ക്കുക. ഇത് സ്പാർക്ക് ഉണ്ടാവാൻ കാരണമാകുന്നു. ശേഷം അധികൃതരെ വിളിച്ച് വിവരം പറയണം.
  • തീപിടിക്കാൻ സാദ്ധ്യതയുള്ള വസ്തുക്കൾ ഉടൻ തന്നെ ഗ്യാസിന്റെ സമീപത്ത് നിന്ന് മാറ്റണം.
  • അമിതമായ ചോർച്ച ഉണ്ടെങ്കിൽ സ്വയം നിയന്ത്രിക്കാൻ ശ്രമം നടത്തരുത്. ഉടൻ തന്നെ ഗ്യാസ് ഏജൻസിയെ വിവരം അറിയിക്കുക.