ഭാസ്‌കര കാരണവർ വധക്കേസ്: ഷെറിന്റെ മോചന ഉത്തരവ് പുറത്തിറക്കി സർക്കാർ

Tuesday 15 July 2025 1:33 PM IST

തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിനെ ജയിൽ മോചിതയാക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ച് സർക്കാർ. ഷെറിൻ ഉൾപ്പെടെ 11 തടവുകാർക്ക് ശിക്ഷാ ഇളവ് നൽകാനുള്ള മന്ത്രിസഭയുടെ ശുപാർശ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അംഗീകരിച്ചതിനെ തുടർന്നാണ് ഷെറിൻ മോചിതയാകുന്നത്. ജയിലിലെ ഷെറിന്റെ പതിവ് പരോളുകളും പെരുമാറ്റവും സംബന്ധിച്ച കാര്യങ്ങളിൽ നിരവധി ചോദ്യങ്ങളാണ് ഉയർന്നു വന്നത്. അതിനാൽ ഷെറിനെ മോചിപ്പിക്കാനുള്ള സർക്കാരിന്റെ ശുപാർശ വിവാദത്തിന് കാരണമായി. സഹതടവുകാരുമായുള്ള ഏറ്റുമുട്ടൽ, ജയിലിനുള്ളിലെ മറ്റു പ്രശ്നങ്ങൾ ഉൾപ്പെടെ ഷെറിന്റെ കേസിൽ രാജ്ഭവൻ കൂടുതൽ വ്യക്തത തേടിയിരുന്നു.

2009-ൽ ഭർതൃപിതാവ് ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയ കേസിലാണ് ഷെറിനും മറ്റ് മൂന്ന് പേരും ശിക്ഷിക്കപ്പെട്ടത്. ആകെ 500 ദിവസത്തെ പരോളാണ് ശിക്ഷാകാലയളവിൽ ഷെറിന് ലഭിച്ചത്. ഷെറിന്റെ വഴിവിട്ട ബന്ധങ്ങളും പ്രണയങ്ങളും കാരണവർ അറിഞ്ഞതോടെയാണ് കൊലയ്ക്കുള്ള പദ്ധതി തയ്യാറാക്കിയത്. അമേരിക്കയിൽ നിന്ന് നാട്ടിലെത്തിയ കാരണവരെ ഉറക്കത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ ഷെറിന് പുറമെ ബാസിത്ത് അലി, നിഥിൻ എന്ന ഉണ്ണി, ഷാനു റഷീദ് എന്നിവരെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

2010 ജൂൺ 11നാണ് കാരണവർ കൊലക്കേസിൽ വിധി വന്നതിനെ തുടർന്ന് ഷെറിൻ പൂജപ്പുര സെൻട്രൽ ജയിലിലെത്തിയത്. തുടർന്ന് ഇവരെ നെയ്യാറ്റിൻകര വനിതാ ജയിലിലേക്ക് മാറ്റി. അവിടെ മൊബൈൽ ഫോൺ അനധികൃതമായി ഉപയോഗിച്ചെന്ന് കണ്ടെത്തിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാർച്ചിൽ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. അവിടെ വെയിൽ കൊള്ളാതിരിക്കാൻ ഇവർക്കു ജയിൽ ഡോക്ടർ കുട അനുവദിച്ചത് വലിയ വിവാദമായിരുന്നു. കൂടാതെ ജയിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയും ഉയർന്നു. 2017 മാർച്ചിൽ തിരുവനന്തപുരം വനിത ജയിലിലേക്ക് മാറ്റി. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ്.