'ആറ് ലക്ഷം രൂപ വിവാഹത്തിന് കടം വാങ്ങി, ഭർത്താവിനോട് കള്ളം പറഞ്ഞു'; സാൻ റേച്ചലിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

Tuesday 15 July 2025 3:21 PM IST

ചെന്നൈ: നിറത്തിന്റെ പേരിലുള്ള വിവേചനങ്ങൾക്കെതിരെ പോരാടിയ മോഡലും ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ (26) ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. റേച്ചലിന് സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

വിവാഹത്തിന് ആറ് ലക്ഷം രൂപ കടം വാങ്ങിയിരുന്നു. അച്ഛനും ഭർത്താവും അറിയാതെയാണ് കടം വാങ്ങിയത്. അച്ഛൻ പണം തന്നുവെന്നാണ് ഭർത്താവിനോട് പറഞ്ഞത്. കടം വാങ്ങിയ പണം തിരിച്ചടയ്‌ക്കാൻ കഴിഞ്ഞില്ലെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. അച്ഛന് എഴുതിയ കത്തിൽ ഒരാൾക്ക് പണം കൊടുക്കാനുണ്ടെന്നും സൂചിപ്പിച്ചിട്ടുണ്ട്. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്.

അമിതമായി ഉറക്കഗുളിക കഴിച്ചതിനെത്തുട‌ർന്നായിരുന്നു മരണം. പുതുച്ചേരിയിൽ ജനിച്ചുവളർന്ന സാൻ റേച്ചലിന് ചെറുപ്പത്തിൽ തന്നെ അമ്മയെ നഷ്‌ടപ്പെട്ടിരുന്നു. മകളെ വളർത്തിയതും മോഡലിംഗ് രംഗത്തേക്ക് എത്തിച്ചതുമെല്ലാം പിതാവ് ഡി ഗാന്ധിയാണ്. നിറത്തിന്റെ പേരിൽ ആദ്യം അവസരങ്ങൾ നിഷേധിക്കപ്പെട്ടുവെങ്കിലും വിവേചനത്തിനെതിരെ സ്വയം പോരാടി വളരെ വേഗം പ്രശസ്‌തയായി മാറാൻ റേച്ചലിന് സാധിച്ചു.

മിസ് ഡാർക്ക് ക്വീൻ തമിഴ്നാട് (2019), മിസ് ബെസ്റ്റ് ആറ്റിറ്റ്യൂഡ് (2019), മിസ് പുതുച്ചേരി (2020/2021), ക്വീൻ ഓഫ് മദ്രാസ് (2022, 2023) എന്നിവയുൾപ്പെടെ ഒട്ടേറെ പ്രാദേശിക, ദേശീയ സൗന്ദര്യ കിരീടങ്ങൾ നേടി. മിസ് ആഫ്രിക്ക ഗോൾഡൻ ഇന്ത്യ (2023) മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തി. പല രാജ്യാന്തര മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. മോഡലിംഗ് പരിശീലന സ്ഥാപനമായ റോസ് നോയർ ഫാഷൻ ഗ്രൂമിംഗിന്റെ സ്ഥാപക കൂടിയായിരുന്നു റേച്ചൽ.