രണ്ടാമനായി പുറത്തിറങ്ങി ശുഭാംശു; ഇനി ഏഴുദിവസം നിരീക്ഷണം, ഐഎസ്ആർഒ സംഘം യുഎസിൽ

Tuesday 15 July 2025 4:16 PM IST

കാലിഫോർണിയ: ബഹിരാകാശത്ത് നിന്ന് ഭൂമയിലെത്തിയ ആക്സിയം ദൗത്യ സംഘാംഗങ്ങൾ പുറത്തിറങ്ങി. ദൗത്യ സംഘത്തിലെ ആദ്യത്തെ ആളായി പെഗ്ഗി വിറ്റ്സൻ ആണ് പുറത്തിറങ്ങിയത്. പിന്നാലെ രണ്ടാമനായി ശുഭാംശു ശുക്ല പേടകത്തിൽ നിന്ന് പുറത്തിറങ്ങി. മിഷൻ പൈലറ്റായിരുന്ന ശുഭാംശു. പിന്നാലെ സ്ലാവോസ് വിസ്നീവ്സ്‌കി, ടബോർ കാപു എന്നിവരും പുറത്തിറങ്ങി. കാലിഫോർണിയയ്ക്ക് സമീപമുള്ള പസഫിക് സമുദ്രത്തിൽ ഇന്ത്യൻ സമയം വൈകുന്നേരം 3.01ന് ആണ് പേടകം സ്പ്ലാഷ് ഡൗൺ ചെയ്തത്.

ദൗത്യ സംഘാംഗങ്ങൾ കരയിൽ എത്തിയതിന് ശേഷം ഒട്ടേറെ ആരോഗ്യ പരിശോധനകൾക്ക് വിധേയരാകണം. റിക്കവറി ഷിപ്പിൽ നിന്ന് ഇവരെ ഹെലികോപ്റ്റർ മാർഗമാണ് തീരത്തേക്ക് എത്തിക്കുക. ജോൺസൺ സ്‌പേസ് സെന്ററിൽ എത്തുന്ന ഇവർ ഏഴ് ദിവസം നിരീക്ഷണത്തിൽ കഴിയണം. മൈക്രോ ഗ്രാവിറ്റി പരിതസ്ഥിതിയിൽ കഴിഞ്ഞ ശുഭാംശുവിനെ നിരീക്ഷിക്കുന്നതിന് വേണ്ടി ഐഎസ്ആർഒയുടെ സംഘവും യുഎസിൽ എത്തിയിട്ടുണ്ട്.