ഹാരി പോട്ടർ സീരീസിന്റെ ഷൂട്ടിംഗ് ആരംഭിച്ചു, ആദ്യ സീസൺ കാണാൻ കാത്തിരിക്കേണ്ടത് രണ്ടു വർഷം
ആരാധകർ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ഹാരി പോട്ടർ പരമ്പരയുടെ ചിത്രീകരണം ആരംഭിച്ചു. യുകെയിലെ വാർണർ ബ്രദേഴ്‌സ് സ്റ്റുഡിയോസിലാണ് സീരീസിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്. എട്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ ഹാരിപോട്ടർ സിനിമ ചിത്രീകരിച്ച അതേ സ്റ്റുഡിയോയിൽ വച്ചാണ് സീരിസിന്റെ ഷൂ്ട്ടിംഗും നടക്കുന്നത്. ജെ.കെ. റൗളിംഗിന്റെ നോവൽ പരമ്പരയെ ആധാരമാക്കി എച്ച്ബിയോ ആണ് പരമ്പര നിർമ്മിക്കുന്നത്.
അതേസമയം ഹാരി പോട്ടറായി വേഷമിടുന്ന 11കാരൻ ഡൊമിനിക് മക് ലൂഗ്ലിന്റെ ഫസ്റ്റ് ലുക്ക് നിർമ്മാതാക്കൾ പുറത്തുവിട്ടു. ഹോഗ്‌വാർട്ട്‌സിന്റെ യൂണിഫോമും വട്ട കണ്ണടയും ധരിച്ച വേഷത്തിൽ നിൽക്കുന്ന താരത്തിന്റെ ചിത്രമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
ഹെർമിയോൺ ഗ്രാൻജറായി അറബെല്ല സ്റ്റാന്റണും റോൺ വീസ്‌ലിയായി അലസ്റ്റെയർ സ്റ്റൗട്ടും അഭിനയിക്കുന്നു. ആദ്യ സീസൺ 2027ൽ പുറത്തിറങ്ങുമെന്നാണ് എച്ച്ബിയോ അറിയിച്ചത്. സീരീസ് പൂർത്തിയാക്കാൻ പത്ത് വർഷം എടുക്കുമെന്നാണ് റിപ്പോർട്ട്. റൗളിംഗിന്റെ നോവലുകളോട് പൂർണമായും നീതി പുലർത്തുമെന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം.