'നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയത് പ്രതീക്ഷ നൽകുന്നു'; കാന്തപുരത്തിനെ പ്രശംസിച്ച് വിഡി സതീശൻ

Tuesday 15 July 2025 5:57 PM IST

തിരുവനന്തപുരം: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വധശിക്ഷ നീട്ടിവച്ചെന്ന വാർത്ത ആശ്വാസവും പ്രതീക്ഷയും നൽകുന്നതാണെന്ന് വിഡി സതീശൻ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നടത്തുന്ന ഇടപെടലിനെയും അദ്ദേഹം പ്രശംസിച്ചു. കൂടാതെ നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ആത്മാര്‍ത്ഥമായ പിന്തുണ നല്‍കുമെന്നും സതീശൻ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

നിമിഷപ്രിയയുടെ മോചനം കേരളം ആഗ്രഹിക്കുന്നതാണ്. അതിന് സാദ്ധ്യമായ എല്ലാ വഴിയും തേടണം. വധശിക്ഷ നീട്ടിവച്ചെന്ന ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്ത ആശ്വാസവും പ്രതീക്ഷയുമാണ്. വിഷയത്തില്‍ കാന്തപുരം ഉസ്താദിന്റെ ഇടപെടല്‍ ഫലപ്രാപ്തിയില്‍ എത്തട്ടെ. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം യെമനിലെ സൂഫി പണ്ഡിതന്‍ ഷേയ്ക്ക് ഹബീബ് ഉമര്‍ ബിന്‍ ഹാഫിസ് നടത്തുന്ന ചര്‍ച്ചകള്‍ അന്തിമ വിജയം കാണുമെന്ന് പ്രതീക്ഷിക്കാം. നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ആത്മാര്‍ത്ഥമായ പിന്തുണ നല്‍കും. നിയമപരമായ എല്ലാ തടസങ്ങളും മറി കടന്ന് നിമിഷ പ്രിയയുടെ മോചനം ഉണ്ടാകുമെന്ന സന്തോഷകരമായ വാര്‍ത്തയ്ക്ക് വേണ്ടി ഇനി കാത്തിരിക്കാം.