'ശ്രീഹരി സുകേഷിന്റെ മൃതദേഹമെത്തിക്കും'

Tuesday 15 July 2025 9:04 PM IST

ന്യൂഡൽഹി: കാനഡയിൽ പരിശീലന പറക്കലിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് മരിച്ച തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കുമെന്ന് സംസ്ഥാന സർക്കാറിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് പറഞ്ഞു. മൃതദേഹം ജൂലായ് 11ന് വിന്നിപെഗിലെ ഫ്യൂണറൽ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. മരണ സർട്ടിഫിക്കറ്റിനും രേഖകൾക്കും അപേക്ഷ നൽകിയിട്ടുണ്ടെന്നും അവ അടുത്ത ദിവസം തന്നെ ലഭിക്കുമെന്നും ടൊറന്റോയിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഗിരീഷ് ജുനേജ ഇന്നലെ കെ.വി. തോമസിനെ അറിയിച്ചു. ടൊറന്റോയിൽ നിന്ന് കേരളത്തിലേക്ക് നേരിട്ട് എത്തിക്കുന്നതിനായി ഫ്യൂണറൽ ഹോമിൽ നിന്നുള്ള രേഖകൾ ശരിയാക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും കോൺസുലേറ്റ് ജനറൽ അറിയിച്ചിട്ടുണ്ട്.