ഒമ്പത് വർഷം; വിതരണം ചെയ്തത് 4.9 ലക്ഷം പട്ടയം

Wednesday 16 July 2025 1:24 AM IST
ആലത്തൂര്‍ മണ്ഡലത്തിലെ പട്ടയങ്ങളുടെ വിതരണം കെ.ഡി പ്രേസേനന്‍ എം.എല്‍.എ നിര്‍വഹിക്കുന്നു

പാലക്കാട്: ഭൂരഹിതരില്ലാത്ത കേരളമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. പാലക്കാട് ജില്ലയിൽ നടന്ന പട്ടയമേള ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒമ്പത് വർഷം കൊണ്ട് സംസ്ഥാനത്ത് 4,90000 ത്തോളം പട്ടയങ്ങൾ വിതരണം ചെയ്തു. ഭൂരഹിതരായവർക്ക് അർഹതപ്പെട്ട ഭൂമി ലഭിക്കാൻ ചട്ടങ്ങൾ മാറ്റേണ്ടതുണ്ടെങ്കിൽ അതിനുള്ള നടപടികൾ സ്വീകരിക്കും. പട്ടയം ലഭിക്കുന്നതിനുള്ള വരുമാന പരിധി രണ്ടര ലക്ഷമായി ഉയർത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഓരോ കുടുംബത്തിന്റെയും വിശദാംശങ്ങൾ ഉൾപ്പെടുന്ന ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ ശേഖരിക്കാനുള്ള ഡിജിറ്റൽ ലോക്കർ സംവിധാനം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾക്ക് പകരമായി 14 ഓളം വിവരങ്ങൾ ഉൾക്കൊള്ളിച്ച് ചിപ്പ് ഘടിപ്പിച്ച ഡിജിറ്റൽ റവന്യു കാർഡ് വിതരണം നവംബറോടെ തുടങ്ങുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 1756 പട്ടയങ്ങളാണ് ജില്ലയിലെ വിവിധ മണ്ഡലങ്ങളിലായി പട്ടയമേളയിൽ വിതരണം ചെയ്തത്. ആലത്തൂർ മണ്ഡലത്തിൽ 263 പട്ടയങ്ങളും തരൂരിൽ-322, ചിറ്റൂരിൽ-63, നെന്മാറയിൽ-90, പാലക്കാട്-98, മലമ്പുഴയിൽ-84, കോങ്ങാട്-249, ഒറ്റപ്പാലം-343, ഷൊർണ്ണൂരിൽ-140, പട്ടാമ്പിയിൽ-104 എന്നിങ്ങനെയാണ് വിതരണം ചെയ്തത്. മണ്ണാർക്കാട് 459 പട്ടയവും തൃത്താലയിൽ 194 പട്ടയവും പിന്നീട് വിതരണം ചെയ്യും. ജില്ലയിൽ 2021 മുതൽ 2025 വരെ 53,524 പട്ടയങ്ങളാണ് ഇതുവരെ വിതരണം ചെയ്തത്.

കോങ്ങാട് മണ്ഡലത്തിൽ കരിമ്പ എച്ച്.എസ് ഓഡിറ്റോറിയത്തിൽ നടന്ന പട്ടയമേളയിൽ കെ.ശാന്തകുമാരി എം.എൽ.എ അദ്ധ്യക്ഷയായി. ചിറ്റൂർ, നെന്മാറ മണ്ഡലത്തിൽ പട്ടയമേളയും കൊല്ലങ്കോട്1 സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും നടന്നു. കൊല്ലങ്കോട് നടന്ന പരിപാടിയിൽ കെ.ബാബു എം.എൽ.എ അദ്ധ്യക്ഷനായി. എരിമയൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന അലത്തൂർ മണ്ഡല പട്ടയ മേളയിൽ കെ.ഡി.പ്രസേനൻ എം.എൽ.എ അദ്ധ്യക്ഷനായി. തരൂർ മണ്ഡലത്തിലെ പട്ടയ മേള വടക്കഞ്ചേരി ഇ.എം.എസ് സ്മാരക കമ്മ്യൂണിറ്റി ഹാളിൽ നടന്നു. പി.പി.സുമോദ് എം.എൽ.എ(ഓൺലൈൻ) അദ്ധ്യക്ഷനായി. ഷൊർണൂരിലെ പട്ടയമേള ചെർപ്പുളശ്ശേരിയിൽ നടന്നു. പി.മമ്മിക്കുട്ടി എം.എൽ.എ അദ്ധ്യക്ഷനായി. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ അദ്ധ്യക്ഷനായി. മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളിലെ പട്ടയമേള പാലക്കാട് യാക്കര സുമംഗലി കല്യാണ മണ്ഡപത്തിൽ നടന്നു. എ.പ്രഭാകരൻ എം.എൽ.എ അദ്ധ്യക്ഷനായി.