അത്തികായ് പഴുത്തപ്പോൾ കാക്കയ്ക്ക് വായ് പുണ്ണ്
അത്തികായ് പഴുത്തപ്പോൾ കാക്കയ്ക്ക് വായ് പുണ്ണ് എന്ന ചൊല്ലിനെ അർത്ഥവത്താക്കുന്ന സംഭവ വികാസങ്ങളാണ് വയനാട് ജില്ലയിലെ കോൺഗ്രസിൽ അടുത്തിടെ അരങ്ങേറിയത്. വരാൻ പോകുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ആരവം മുഴങ്ങിയിരിക്കെയാണ് കോൺഗ്രസിനുള്ളിലെ ദുർഭൂതങ്ങൾ കോൺഗ്രസിനെതിരെ തന്നെ തിരിഞ്ഞുകൊത്താൻ തുടങ്ങിയത്. കോൺഗ്രസിൽ ഇത്തരത്തിലുള്ള ശക്തികൾ ഇന്നും ഇന്നലെയും ഉള്ളതല്ല, കാലങ്ങളായിട്ടുള്ളതാണ്, പ്രത്യേകിച്ച് വയനാട്ടിൽ. അപ്പോൾ പിന്നെ പാരമ്പര്യം കാത്തുസൂക്ഷിക്കാനായി പ്രവർത്തിച്ചില്ലെങ്കിലേ അദ്ഭുതപ്പെടേണ്ടതുള്ളു.
വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രവർത്തകരെ സജ്ജമാക്കുന്നതിന് വേണ്ടി മുള്ളൻകൊല്ലിയിൽ വിളിച്ചുചേർത്ത യോഗത്തിലാണ് തിരഞ്ഞെടുപ്പിന് മുന്നോടിയായ ആദ്യ വെടി പൊട്ടിച്ച് പാരമ്പര്യം വിളിച്ചറിയിച്ചത്. മിഷൻ വികസന സെമിനാറിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകർ പരസ്പരം ചേരിതിരഞ്ഞ് കയ്യാങ്കളിയിലെത്തി, യോഗത്തിൽ സംസാരിച്ചിരുന്ന ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഡി.സി.സി അദ്ധ്യക്ഷനെ മർദ്ദിച്ചെന്ന് ഒരു വിഭാഗവും അതല്ല തലോടുക മാത്രമാണുണ്ടായതെന്ന് മറുഭാഗവും. എന്നാൽ മർദ്ദനമോ തലോടലോ നടന്നിട്ടില്ലെന്ന വാദവും അങ്ങിങ്ങായി കേൾക്കുന്നു. എന്തായാലും കയ്യേറ്റത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലടക്കം പ്രചരിക്കുന്നുണ്ട്.
മുള്ളൻകൊല്ലിയിൽ നടന്ന ഈ നാടകം തെരുവിലേയ്ക്കും എത്തി. ഡി.സി.സി. പ്രസിഡന്റിനെ മർദ്ദിച്ചവരെ അങ്ങനെ വെറുതെ വിടാൻ പറ്റില്ലെന്ന് നേതൃത്വത്തോട് കൂറുള്ള ചിലർ കാണിച്ചു കൊടുത്തു. അവർ കോൺഗ്രസിലെ ഒരു വിഭാഗം പ്രവർത്തകരെ പിൻതുടർന്നെത്തി പൊലീസ് സ്റ്റേഷന് മുന്നിൽവച്ച് മർദ്ദിച്ചു. സംഭവത്തിൽ ഡി.സി.സി സെക്രട്ടറിയടക്കമുള്ളവരുടെ പേരിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ ഇത് കള്ളക്കേസാണെന്ന് കേസിൽപ്പെട്ട ഒരാൾ വ്യക്തമാക്കി. വയനാട് കോൺഗ്രസിൽ പ്രവർത്തകർ തമ്മിൽ തെരുവിൽ തല്ലുകയും, ഡി.സി.സി പ്രസിഡന്റിനെ യോഗത്തിൽ വച്ച് കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവം കെ.പി.സി.സി ഗൗരവമായാണ് കണ്ടത്.
കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ നടക്കുന്ന സമര സംഗമത്തിൽ പങ്കെടുക്കുന്നതിനായി ചൊവ്വാഴ്ച വയനാട്ടിലെത്തുന്ന കെ.പി.സി.സി നേതൃത്വം പ്രശ്നത്തിലിടപെടുമെന്ന് വ്യക്തമാക്കിയിരിക്കെയാണ് പൊതുനിരത്തിൽ ജില്ലയിലെ മുതിർന്ന മൂന്ന് നേതാക്കൾക്കെതിരെ പോസ്റ്റർ ഉയർന്നത്. കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.എൽ. പൗലോസ്, സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ, ഡി.സി.സി സെക്രട്ടറി കെ.ഇ.വിനയൻ എന്നിവർക്കെതിരെയാണ് 'ഇവർ ക്രിമിനലുകൾ ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്ക'ണമെന്ന ആവശ്യവുമായി പൊതുനിരത്തിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. സമര സംഗമത്തിൽ പങ്കെടുക്കാനായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ എം.പി.പി.സി. വിഷ്ണുനാഥ് എം.എൽ.എ തുടങ്ങിയർ ഇന്നലെ ജില്ലയിലെത്തിയപ്പോൾ പ്രശ്നത്തെ കെ.പി.സി.സി കണ്ടതും ഗൗരവമായാണ്.
കോൺഗ്രസ് മുള്ളൻകൊല്ലി മണ്ഡലത്തിൽ മാസങ്ങളായി തുടർന്ന് വരുന്ന പ്രശ്നങ്ങൾക്ക് ഡി.സി.സി നേതൃത്വത്തിന് പരിഹാരം കാണാൻ ഇതുവരെയായിട്ടും കഴിഞ്ഞില്ലെന്ന ആരോപണമാണ് ഡി.സി.സി പ്രസിഡന്റിന് നേരെ യോഗത്തിൽ വച്ച് കയ്യേറ്റമുണ്ടായത്. ഡി.സി.സി ട്രഷററായിരുന്ന എൻ.എം വിജയന്റെയും മകന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡി.സി.സിക്കെതിരെയും ആരോപണം ഉയർന്നിരുന്നു. ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ എന്നിവരെ സാമ്പത്തിക കുറ്റാരോപണത്തിന്റെ പേരിൽ അറസ്റ്റു ചെയ്തിരുന്നു. വിജയന്റെ മരണം വയനാട്ടിൽ കോൺഗ്രസിനെ പിടിച്ചുലച്ചു. എൻ.ഡി. അപ്പച്ചനെ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവും ശക്തമായി. ചിലരെല്ലാം കുപ്പായം തയ്ച്ച് കാത്തിരിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ നേതൃത്വം മാറിയാൽ അത് കൂടുതൽ ദുഷ്‌പേര് ഉണ്ടാക്കുകയുള്ളുവെന്ന കോൺഗ്രസ് നിഗമനത്തിൽ പ്രശ്നം അൽപ്പം തണുത്തു. അതിനിടെയാണ് ഇപ്പോൾ തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിനിടെ കോൺഗ്രസിൽ വീണ്ടും പാരമ്പര്യം കൈവിടാതെയുള്ള ഗ്രൂപ്പിസം ശക്തമായത്.
വിഭാഗീയത
സി.പി.എമ്മിലും
കോൺഗ്രസിന്റെ ഗ്രൂപ്പിസത്തിന് പിന്നാലെ സി.പി.എമ്മിലെ വിഭാഗിയതയും പൊതുനിരത്തിൽ പരസ്യപ്രചരണത്തിലെത്തി. പുൽപ്പള്ളി ഏരിയാ കമ്മറ്റി അംഗവും കർഷക സംഘം ജില്ലാ പ്രസിഡന്റുമായ എ.വി. ജയനെ സാമ്പത്തിക ആരോപണങ്ങളുടെ പേരിൽ ഏരിയ കമ്മറ്റിയിൽ നിന്നും തരംതാഴ്ത്തിയ നടപടിയാണ് പാർട്ടിയിൽ വിഭാഗിയതയ്ക്ക് വഴിവച്ചത്. തരംതാഴ്ത്തപ്പെട്ടതിന് പിന്നാലെ എ.വി. ജയൻ ജില്ലാ നേതൃത്വത്തിനെതിരെ പരസ്യമായി പ്രതികരിച്ച് രംഗത്തെത്തി. സുൽത്താൻ ബത്തേരിയിൽ നടന്ന ജില്ലാ സമ്മേളനത്തിൽ രൂപപ്പെട്ട വിഭാഗിയതയുടെ പിൻതുടർച്ചയാണ് തന്നെ തരംതാഴ്ത്തിയതിന് പിന്നിലെന്ന് പ്രതികരിക്കുകയും ചെയ്തു. അതേസമയം ജയനെ അനുകൂലിച്ചു ചിലർ രംഗത്ത് വന്നു. സി.പി.എമ്മിൽ പിടിമുറുക്കിയ കുറുവ സംഘത്തിനെതിരെയാണ് തങ്ങളുടെ പോരാട്ടമെന്ന് പറഞ്ഞാണ് ജയനെ അനുകൂലിക്കുന്നവർ പറഞ്ഞത്. പാർലമെന്ററി വ്യാമോഹവും സാമ്പത്തിക താത്പ്പര്യങ്ങളും നേതൃനിരയിലെ സഖാക്കളെ വഴി തെറ്റിക്കുന്നതായാണ് ആരോപണം.
ആരോപണ പ്രത്യാരോപണങ്ങൾ സി.പി.എമ്മിലെ വിഭാഗിയത വിളിച്ചറിയിക്കുന്നതായിരുന്നു. ഏരിയ കമ്മറ്റിയിൽ അവസാനിക്കാതെ പ്രശ്നം ജില്ലയിലെ എല്ലാ പാർട്ടി ഘടകങ്ങളിലുമെത്തി. കോൺഗ്രസിലാണ് അധികാര മോഹത്തിന്റെ പേരിൽ ഗ്രൂപ്പിസം തലപൊക്കുന്നതെങ്കിൽ അതിനെയും മറികടക്കുന്ന അധികാരമോഹമാണ് ഇപ്പോൾ സി.പി.എമ്മിൽ നടക്കുന്നതെന്നാണ് പാർട്ടിയെ സ്‌നേഹിക്കുന്ന ഒരു പഴയകാല പ്രവർത്തകൻ പറഞ്ഞത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചിലരുടെ വായിൽ നിന്ന് ചില അബദ്ധങ്ങളും വരും. കോണിച്ചിറക്ക് പുറമെ കണിയാമ്പറ്റയിലും സി.പി.എമ്മിൽ പൊട്ടലും ചീറ്റലും ഉടലെടുത്തിട്ടുണ്ട്.