പൊലീസിൽ പരാതി നൽകിയ വിരോധത്തിൽ വീട്ടിൽ കയറി അക്രമം: പ്രതി പിടിയിൽ
Wednesday 16 July 2025 1:00 AM IST
മൂവാറ്റുപുഴ: പൊലീസിൽ പരാതി നൽകിയ വിരോധത്തിൽ വീട്ടിൽ അതിക്രമിച്ച് കയറി ജനൽച്ചില്ലുകൾ തകർക്കുകയും മോട്ടോർ സൈക്കിൾ കത്തിക്കുകയും വീട്ടുകാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. വെള്ളൂർകുന്നം കടാതി ഒറമടത്തിൽ വീട്ടിൽ മോൻസി വർഗീസിനെയാണ് (44) മൂവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കടാതി സ്വദേശിയുടെ വീടിന് നേർക്കാണ് ആക്രമണം നടത്തിയത്. ഇരുചക്രവാഹനം കനാലിൽ തള്ളിയിട്ട് നാശനഷ്ടം വരുത്തിയതിന് പരാതി കൊടുത്തതിലുള്ള വിരോധമാണ് കാരണം. വീട്ടുകാരെ കൊന്നുകളയുമെന്ന് പറഞ്ഞ് പരാതിക്കാരന്റെ അമ്മയെ ഭീഷണിപ്പെടുത്തി. ഷെഡ്ഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് കത്തിച്ചു. വീടിന്റെ മുൻവശത്തെ ജനൽച്ചില്ല് തകർത്തു. മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.