വിൻഡീസ് വീണു, വെറും 27 റൺസിന്
ജമൈക്ക : മൂന്നാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെ രണ്ടാം ഇന്നിംഗ്സിൽ വെറും 27 റൺസിന് ആൾഔട്ടാക്കി ഓസ്ട്രേലിയ 176 റൺസിന് മത്സരവും 3-0ത്തിന് പരമ്പരയും സ്വന്തമാക്കി. കിംഗസ്ടണിൽ നടന്ന മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിൽ 205 റൺസ് ലക്ഷ്യം പിന്തുടർന്നപ്പോഴാണ് വിൻഡീസ് ചീട്ടുകൊട്ടാരമായി മാറിയത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്‌കോർ എന്ന നാണക്കേടും ഇനി വിൻഡീസിന്റെ പേരിലാണ്.വിൻഡീസ് നിരയിൽ ഏഴു പേർ ഡക്കായി മടങ്ങിയപ്പോൾ രണ്ടക്കം കടക്കാനായത് ഒരാൾക്ക് മാത്രമാണ്.
7.3 ഓവറിൽ വെറും ഒമ്പത് റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റെടുത്ത മിച്ചൽ സ്റ്റാർക്കും ഹാട്രിക്ക് നേടിയ സ്‌കോട്ട് ബോളണ്ടുമാണ് രണ്ടാം ഇന്നിംഗ്സിൽ വിന്‍ഡീസിനെ എറിഞ്ഞിട്ടത്. 15 പന്തുകൾക്കിടയിലാണ് സ്റ്റാർക് അഞ്ച് വിക്കറ്റും വീഴ്ത്തിയത്.കിംഗ്സ്ടണിലെ സബീന പാർക്കിൽ പിറന്നത് കഴിഞ്ഞ 70 വർഷത്തിനിടയിലെ ഏറ്റവും ചെറിയ ടെസ്റ്റ് സ്‌കോറാണ്. ഒരു ഡേ-നൈറ്റ് ടെസ്റ്റിലെ ഏറ്റവും മോശം സ്‌കോറും. തന്റെ 100-ാം ടെസ്റ്റ് മത്സരത്തിന് ഇറങ്ങിയ സ്റ്റാർക്ക് ആദ്യ ഓവറിൽ തന്നെ മൂന്നു വിക്കറ്റുകൾ വീഴ്ത്തി.
1955ൽ ഓക്‌ലാൻഡിൽ ഇംഗ്ലണ്ടിനെതിരേ ന്യൂസിലാൻഡ് വെറും 26 റൺസിന് പുറത്തായതാണ് ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോർ. 1986-ൽ ഇംഗ്ലണ്ടിനെതിരേ ദക്ഷിണാഫ്രിക്ക 30 റൺസിന് പുറത്തായിരുന്നു.
100-ാം ടെസ്റ്റിൽ സ്റ്റാർക്ക് 400 വിക്കറ്റുകൾ തികച്ചു. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഓസീസ് ബൗളറാണ്.
ബോളണ്ട് ടെസ്റ്റിൽ ഹാട്രിക്ക് നേടുന്ന പത്താമത്തെ ഓസീസ് താരമായി. ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ ജോണ്‍ കാംബെലിനെ പുറത്താക്കി തുടങ്ങിയ സ്റ്റാര്‍ക്ക്, വെറും 15 പന്തില്‍ നിന്നാണ് അഞ്ചു വിക്കറ്റ് തികച്ചത്. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ അഞ്ചു വിക്കറ്റ് തികയ്ക്കുന്ന താരമെന്ന നേട്ടവും ഇതോടെ സ്റ്റാര്‍ക്കിന് സ്വന്തമായി.