സ്‌കൂൾ സമയമാറ്റം: പിന്നോട്ടില്ലെന്ന് മന്ത്രി; സമരത്തിന് സമസ്ത

Wednesday 16 July 2025 12:48 AM IST

□പന്ത് ഇനി മുഖ്യമന്ത്രിയുടെ കോർട്ടിൽ

കോഴിക്കോട്: സ്‌കൂൾ സമയമാറ്റ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇന്നലെയും ആവർത്തിച്ചപ്പോൾ, സമസ്തയുടെയും പോഷക സംഘടനകളുടെയും സംയുക്ത യോഗം അതിനെതിരെ സമരത്തിന് ആഹ്വാനം ചെയ്തു. ഇതോടെ, കഴിഞ്ഞ കുറച്ചു കാലമായി ലീഗിനോട് പിണങ്ങി ഇടത്തോട്ട് ചാഞ്ഞ സമസ്ത (ഇ.കെ.സുന്നി വിഭാഗം) സർക്കാരിനെതിരെ തിരിയുകയാണ്. വിദേശപര്യടനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ കോർട്ടിലാണ് ഇനി കാര്യങ്ങൾ.

സ്കൂൾ സമയം രാവിലെയും വൈകിട്ടുമായി അര മണിക്കൂർ വർദ്ധിപ്പിക്കുന്നത് മദ്രസ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് സമസ്തയുടെയും മറ്റും നിലപാട്. സമയമാറ്റം പുന.പരിശോധിക്കണമെന്ന് സമസ്ത മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചിരുന്നു. ഇത് സംബന്ധമായി സർക്കാർ ചർച്ചയ്ക്ക് പോലും വിളിച്ചില്ല. ഈ സാഹചര്യത്തിലാണ് സമസ്തയുടെ പോഷക ഘടകമായ സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷൻ സമരപ്രഖ്യാപനം നടത്തിയത്. വിദ്യാഭ്യാസമന്ത്രി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളെ ഫോണിൽ വിളിച്ച് ചർച്ച ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്. ചർച്ചയിൽ പ്രായോഗിക നിർദേശങ്ങൾ സമസ്ത സമർപ്പിക്കും. അനുകൂല തീരുമാനമുണ്ടാകുന്നില്ലെങ്കിൽ സമസ്തയുടെ എല്ലാ ഘടകങ്ങളും ഒന്നിച്ച് സമരം കൂടുതൽ ശക്തമാക്കാനും യോഗം തീരുമാനിച്ചതായി ഏകോപനസമിതി കൺവീനറും സമസ്ത ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ ജനറൽ സെക്രട്ടറിയും എം.ടി അബ്ദുല്ല മുസ്ല്യാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം, കേന്ദ്രമുശാവറ അംഗം ബഹാവുദ്ദീൻ നദ്‌വി, മത വിദ്യാഭ്യാസ ബോർഡ് മാനേജർ കെ. മോയിൻകുട്ടി , എൻ.എ അബ്ദുൽഖാദർ, അബ്ദുസമദ് പൂക്കോട്ടൂർ, നാസർഫൈസി കൂടത്തായി തുടങ്ങിയവർ പങ്കെടുത്തു.