വരും, വനിതാ കെ.സി.എല്ലും
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എൽ )വനിതാ പതിപ്പ് തുടങ്ങാൻ ആലോചിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ.ഒന്നോ രണ്ടോ സീസണുകൾക്കുള്ളിൽ വനിതാ കെ.സി.എൽ ആരംഭിക്കുമെന്ന് കെ.സി.എ സെക്രട്ടറി വിനോദ് എസ്.കുമാർ അറിയിച്ചു. ഈ സീസണിൽ വനിതാ ലീഗിനായി പ്രത്യേക ഭാഗ്യചിഹ്നം പുറത്തിറക്കും. കഴിഞ്ഞ സീസണിൽ മൂന്ന് വനിതാ അമ്പയർമാർ മത്സരങ്ങൾ നിയന്ത്രിക്കാനുണ്ടായിരുന്നു.
രണ്ടാം സീസണോടെ കെ.സി.എൽ ഇന്ത്യയിലെ തന്നെ ആഭ്യന്തരക്രിക്കറ്റ് ലീഗുകളിൽ പ്രധാന സ്ഥാനത്തേക്ക് ഉയരുമെന്നാണ് കെ.സി.എയുടെ പ്രതീക്ഷ. കളിക്കാരനായി സഞ്ജു സാംസൺ കൂടിയെത്തുന്നത് ലീഗിന്റെ ആകർഷണീയത വർദ്ധിപ്പിക്കുമെന്ന് കെ.സി.എ പ്രസിഡന്റ് ജയേഷ് ജോർജ് പറഞ്ഞു. സീസണിലെ എല്ലാ മത്സരങ്ങളും ഏഷ്യാനെറ്റ് പ്ലസ് ചാനലിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യും. ഇതോടൊപ്പം സ്റ്റാർ സ്പോർട്സിലും, പ്ലാറ്റ്‌ഫോമായ ഫാൻകോഡിലും മത്സരങ്ങൾ കാണാം. ഓരോ ജില്ലകളിലും കേരളത്തിന് പുറത്തും ഫാൻ പാർക്കുകൾ സ്ഥാപിക്കും. ടൂറിസവുമായി കെ.സി.എല്ലിനെ ബന്ധിപ്പിച്ച് പാക്കേജുകൾ നടപ്പിലാക്കാനും കെ.സി.എ ആലോചിക്കുന്നുണ്ട്.