ബഹിരാകാശത്തേക്ക് ഇനി ഇന്ത്യൻ ഗഗൻയാനിൽ

Wednesday 16 July 2025 12:54 AM IST

തിരുവനന്തപുരം: ബഹിരാകാശത്ത് നിന്നുള്ള ശുഭാംശു ശുക്ളയുടെ തിരിച്ചുവരവോടെ ഇന്ത്യയുടെ ബഹിരാകാശ മനുഷ്യദൗത്യമായ ഗഗൻയാൻ ദൗത്യം നിർണായക ഘട്ടം പിന്നിട്ടു. ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാംശു. 1984ൽ റഷ്യയുടെ സോയൂസ് പേടകത്തിൽ സഞ്ചരിച്ച രാകേഷ് ശർമ്മയാണ് ആദ്യ ഇന്ത്യൻ ഗഗനചാരി. ഇനി ഇന്ത്യക്കാരൻ സ്പേസിൽ പോകുന്നത് സ്വന്തം ഗഗൻയാനിലായിരിക്കും. രണ്ടുവർഷത്തിനുള്ളിൽ അത് യാഥാർത്ഥ്യമാകും. അതിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്.

ഇന്ത്യൻ ബഹിരാകാശയാത്രികരെ ഭൂമിയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ ഉയരത്തിൽ, താഴ്ന്ന ഭ്രമണപഥത്തിലേക്ക് ദിവസങ്ങളോളം അയച്ച് സുരക്ഷിതമായി തിരിച്ചിറക്കുകയെന്നതാണ് ഗഗൻയാൻ ദൗത്യം. 2022ൽ നടപ്പാക്കാനായിരുന്നു ലക്ഷ്യം. എന്നാൽ കൊവിഡ് മൂലം കാലതാമസമുണ്ടായി. ഗഗൻയാനിന്റെ ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നത് കൂടി ലക്ഷ്യമിട്ടാണ് ഇന്ത്യ 550കോടി രൂപ ചെലവഴിച്ച്, ഗഗൻയാൻ യാത്രികരിലൊരാളായ ശുഭാംശു ശുക്ളയെ ബഹിരാകാശ നിലയത്തിലേക്ക് അയച്ചത്. ഗ്രൂപ്പ് ക്യാപ്റ്റന്മാരായ പ്രശാന്ത് ബാലകൃഷ്ണൻ നായർ, അംഗദ് പ്രതാപ്, അജിത് കൃഷ്ണൻ, എന്നിവരാണ് മറ്റ് യാത്രികർ. ഗഗൻയാൻ ഉൾപ്പെടെയുള്ള പദ്ധതികൾക്കായി ഇന്ത്യ 33,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.