കോളജ് സ്‌പോർട്‌സ് ലീഗ് നാളെമുതൽ

Tuesday 15 July 2025 10:55 PM IST

തിരുവനന്തപുരം: സംസ്ഥാന കായിക വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കോളജ് സ്‌പോർട്‌സ് ലീഗിന് (സി.എസ്.എൽ) നാളെ കാലിക്കറ്റ് സർവകലാശാല കാമ്പസിൽ തുടക്കമാകും. പ്രഥമ സീസണിൽ ഫുട്ബാളും വോളിബാളുമാണ് നടത്തുന്നത്. രാജ്യത്ത് ആദ്യമായി കോളേജ് തലത്തിൽ പ്രൊഫഷണൽ സ്പോർട്സ് ലീഗ് സംഘടിപ്പിക്കുന്നത്.

മുൻ സർവകലാ മത്സരങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 16 ടീമുകളാണ് ഫുട്ബാളിൽ മത്സരിക്കുന്നത്. ആദ്യ സീസണിൽ ഒരു വേദിയിലായിരിക്കും മത്സരമെങ്കിലും അടുത്ത സീസൺ മുതൽ ഓരോ കോളേജിലും ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ മത്സരങ്ങൾ നടത്തും. പുരുഷ ടീമുകളെയാണ് ഇത്തവണ ഫുട്ബാളിൽ മത്സരിപ്പിക്കുന്നത്. വനിതാ ടീമുകളാണ് വോളിബാളിന്. ആഗസ്റ്റിലാണ് വോളിബാൾ മത്സരങ്ങൾ ആരംഭിക്കുന്നത്. അടുത്ത സീസൺ മുതൽ കൂടുതൽ ടീമിനങ്ങളിൽ പുരുഷ - വനിതാ ടീമുകൾക്ക് മത്സരം ഏർപ്പെടുത്തും.

18ന് ലീഗിന്റെ ഔദ്യോഗികഉദ്ഘാടനം കായിക മന്ത്രി വി അബ്ദുറഹിമാൻ നിർവഹിക്കും. വൈസ് ചാൻസിലർ ഡോ. പി രവീന്ദ്രൻ, ഐ എം വിജയൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് ഡയറക്ടർ വിഷ്ണുരാജ് പത്രസമ്മേളനത്തിൽ പറഞ്ഞു.കായിക വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. സി.എസ് പ്രദീപ്, സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനീയർ പി.കെ അനിൽ കുമാർ എന്നിവരും പങ്കെടുത്തു.