ശുഭാംശുവിന്റെ പരീക്ഷണങ്ങൾ മാനവരാശിക്ക്
തിരുവനന്തപുരം: ശുഭാംശു ബഹിരാകാശ നിലയത്തിൽ നടത്തിയ പരീക്ഷണങ്ങൾ മാനവരാശിക്ക് വേണ്ടിയുള്ളവ. 18 ദിവസത്തിനുള്ളിൽ നിരവധി പരീക്ഷണങ്ങൾ അദ്ദേഹം നടത്തി. ബഹിരാകാശ യാത്രികരിൽ ഉണ്ടാകുന്ന അസ്ഥിയുടേയും പേശികളുടേയും ബലക്ഷയത്തെ എങ്ങനെ നേരിടാം, ജീവന്റെ ഉത്ഭവത്തിന്റെ കാരണങ്ങൾ, ഗുരുത്വാകർഷണമില്ലാത്തപ്പോൾ കമ്പ്യൂട്ടർ സ്ക്രീനുകളുടെ പ്രവർത്തനം എങ്ങനെ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
ഐ.എസ്.എസിൽ ഉലുവയും ചെറുപയറും മുളപ്പിച്ചെന്ന വാർത്ത നേരത്തേ പുറത്തുവന്നിരുന്നു. ഇതിനായി ഉപയോഗിച്ച ആറ് വിത്തിനങ്ങൾ ശുഭാംശു ഭൂമിയിലേക്ക് തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്. സൂക്ഷ്മ ഗുരുത്വാകർഷണത്തിന് കീഴിലുള്ള പ്രതിരോധശേഷിയുള്ള ജീവികളെ പഠിക്കാനുള്ള പരീക്ഷണവും നടത്തി. മൈക്രോഗ്രാവിറ്റിയിൽ അസ്ഥികൾ എങ്ങനെ പ്രതികരിക്കുമെന്നതാണ് പരീക്ഷണങ്ങളിൽ പ്രധാനം. ബഹിരാകാശയാത്രികർ നേരിടുന്ന ഗുരുതര പ്രശ്നമാണിത്. അസ്ഥിപൊടിയുന്ന രോഗമായ ഓസ്റ്റിയോപോറോസിസിന് മികച്ച ചികിത്സയിലേക്ക് വഴിവയ്ക്കുന്നതാണ് പരീക്ഷണം.
ബഹിരാകാശ നിലയത്തിൽ കഴിയുന്ന ഒരാൾക്ക് എത്ര അളവിൽ വികിരണമേൽക്കുമെന്നതിനെക്കുറിച്ചും സംഘം പഠിച്ചു. ഭാവിയിൽ ദീർഘകാല ബഹിരാകാശദൗത്യത്തിനു പോകുന്നവരെ വികിരണങ്ങളിൽ നിന്ന് സംരക്ഷിക്കാനുള്ള സംവിധാനങ്ങൾ നിർമ്മിക്കാൻ ഇത് സഹായിക്കും.
മൈക്രോഗ്രാവിറ്റിയിലെ പേശികളുടെ ക്ഷയത്തിന് കാരണമെന്താണെന്ന് തിരിച്ചറിയുകയും തെറാപ്പി അധിഷ്ഠിത തന്ത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതാണ് മറ്റൊന്ന്. ബഹിരാകാശയാത്രികർ പൂജ്യം ഗുരുത്വാകർഷണത്തിൽ സ്‌ക്രീനുകൾ ഉപയോഗിക്കുമ്പോൾ എന്ത് സംഭവിക്കുമെന്ന കൗതുകപരീക്ഷണവും നടത്തി.