കോളേജിലെ ജൂനിയറുമായി പ്രണയം, പ്രതിശ്രുത വരനോട് പറഞ്ഞത് വിമാനം ടേക്കോഫ് ചെയ്യുന്നത് കാണണമെന്ന ആഗ്രഹം

Tuesday 15 July 2025 10:56 PM IST

ബംഗളൂരു: പ്രമാദമായ ബംഗളൂരു റിംഗ് റോഡ് കൊലപാതക കേസില്‍ കീഴ്‌ക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി. കേസിലെ പ്രതികളായ ഒരു സ്ത്രീക്കും ഇവരുടെ കാമുകന്‍ ഉള്‍പ്പെടെ മറ്റ് മൂന്ന് പ്രതികള്‍ക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ച നടപടി ശരിവെച്ചിരിക്കുന്നത്. പ്രണയം, വിവാഹനിശ്ചയം കൊലപാതകം എന്നിങ്ങെയാണ് ബംഗളൂരുവിനെ ഞെട്ടിച്ച റിംഗ് റോഡ് കൊലപാതകം അരങ്ങേറിയത്. 2003 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.

നിയമവിദ്യാര്‍ത്ഥിനിയായ ശുഭ ശങ്കരനാരായണനും കാമുകന്‍ അരുണും കൂട്ടാളികളും ചേര്‍ന്ന് ശുഭയുടെ പ്രതിശ്രുത വരനെ ഗൂഢാലോചന നടത്തി കൊലപ്പെടുത്തുകയായിരുന്നു. 20കാരിയായ ശുഭയ്ക്ക് കോളേജില്‍ തന്നേക്കാള്‍ ഒരു വയസ്സ് പ്രായം കുറഞ്ഞ അരുണുമായി അടുപ്പമുണ്ടായിരുന്നു. ഇക്കാര്യം അറിയാതെ വീട്ടുകാര്‍ കുടുംബ സുഹൃത്തായ ഗിരീഷ് (27) എന്ന യുവാവുമായി വിവാഹം ആലോചിക്കുകയും അത് വിവാഹ നിശ്ചയം വരെ എത്തുകയും ചെയ്തു.

2003 നവംബര്‍ മാസം 30ന് ശുഭയും ഗിരീഷും തമ്മിലുള്ള വിവാഹ നിശ്ചയം നടത്തി. ഡിസംബര്‍ മൂന്നിന് ഗിരീഷ് ശുഭയോട് പുറത്ത് നിന്ന് ഭക്ഷണം കഴിക്കാന്‍ പോകാമെന്ന് പറയുകയും കൂട്ടിക്കൊണ്ട് പോകുകയും ചെയ്തു. ഭക്ഷണംകഴിച്ചതിന് ശേഷം തനിക്ക് എച്ച്.എ.എല്‍. വിമാനത്താവളത്തില്‍നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്യുന്നതും ലാന്‍ഡ് ചെയ്യുന്നതും കാണണമെന്നും അവിടേക്ക് പോകാമെന്നും ശുഭ നിര്‍ബന്ധം പിടിച്ചു.

ഇതനുസരിച്ച് ശുഭയുമായി ഗിരീഷ് ഇന്നര്‍ റിങ് റോഡിലെ വിമാനത്താവള വ്യൂ പോയിന്റിലെത്തി. ഇവിടെനിന്ന് ഗിരീഷും ശുഭയും വിമാനങ്ങള്‍ കണ്ടുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി ഗിരീഷിന് നേരേ ആക്രമണമുണ്ടായത്. അക്രമിസംഘം ബൈക്കിന്റെ ഷോക്ക് അബ്സോര്‍ബര്‍ ഉപയോഗിച്ച് ഗിരീഷിനെ ക്രൂരമായി മര്‍ദിച്ചു. ഗുരുതരമായി പരിക്കേറ്റ ഗിരീഷ് പിറ്റേദിവസം ആശുപത്രിയില്‍വെച്ച് മരണത്തിന് കീഴടങ്ങുകയും ചെയ്തു. 2010ല്‍ ശുഭയും അരുണും വിവാഹംകഴിക്കാനാണ് കൊലപാതകം നടത്തിയതെന്ന് കോടതി കണ്ടെത്തുകയും ശിക്ഷ വിധിക്കുകയുമായിരുന്നു.