പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കെട്ടിട നവീകരണം, ശസ്ത്രക്രിയ വിഭാഗങ്ങൾ 23ന് മുൻപ് കോന്നിയിലേക്ക് മാറും

Wednesday 16 July 2025 12:55 AM IST

പത്തനംതിട്ട : ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയവിഭാഗങ്ങൾ 23ന് മുൻപ് കോന്നി മെഡിക്കൽ കോളേജിലേക്ക് മാറ്റും. ഉപകരണങ്ങളും ഫർണിച്ചറുകളും മാറ്റാനുള്ള ടെൻഡർ ക്ഷണിച്ചു. വെള്ളിയാഴ്ച ടെൻഡർ പൊട്ടിക്കും. ഉപകരണങ്ങളുടെ പാക്കിംഗിനും ഷിഫ്റ്റിംഗിനും വേണ്ടിയാണ് ടെൻഡർ വിളിച്ചിരിക്കുന്നത്. ഇന്നലെ ഡി.എം.ഒ തലത്തിൽ ചേർന്ന യോഗത്തിൽ ശസ്ത്രക്രിയ വിഭാഗങ്ങൾ അടിയന്തരമായി കോന്നിയിലേക്ക് മാറ്റുന്നതും ടെൻഡർ നടപടികളും ചർച്ച ചെയ്തു. ഗൈനക്കോളജി, ഓർത്തോ, ഇ.എൻ.ടി, ജനറൽ സർജറി വിഭാഗങ്ങളാണ് കോന്നിയിലേക്ക് മാറ്റുന്നത്. ഇതുസംബന്ധിച്ച ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് ഒരാഴ്ച മുൻപ് ലഭിച്ചിരുന്നു. ജനറൽ ആശുപത്രിയിലെ ബി ആൻഡ് സി ബ്ളോക്കിന്റെ ബലക്ഷയത്തെ തുടർന്നാണ് ശസ്ത്രക്രിയ വിഭാഗങ്ങൾ കോന്നി മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നത്. മന്ത്രിതലത്തിൽ നേരത്തേ തീരുമാനമെടുത്തിരുന്നെങ്കിലും മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി ഡോക്ടർമാർ തമ്മിലുള്ള തർക്കമാണ് നടപടികൾ വൈകിപ്പിച്ചത്. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ ഉത്തരവിറങ്ങിയതോടെ പ്രശ്നത്തിന് പരിഹാരമായി. ജനറൽ ആശുപത്രിയിൽ നിന്ന് സർജറി ഉപകരണങ്ങളും ഡോക്ടർമാരെയും കോന്നിയിലേക്ക് മാറ്റും. ആറ് മാസത്തിനുള്ളിൽ ബി ആൻഡ് സി ബ്ളോക്ക് ബലപ്പെടുത്തി ശസ്ത്രക്രിയകൾ പുനരാരംഭിക്കണമെന്നാണ് നിർദേശം.

കോന്നിയിൽ ഒരുക്കങ്ങൾ

കോന്നി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ വിഭാഗങ്ങൾ അടുത്തയാഴ്ച പ്രവർത്തനം തുടങ്ങുന്നതിന് ഒരുക്കങ്ങൾ നടക്കുന്നു. സർജിക്കൽ ഐ.സി.യുവിലും കാഷ്വാലിറ്റിയിലും ഉപകരണങ്ങൾ എത്തിച്ചാലുടർ അണുമുക്തമാക്കും. ശസ്ത്രക്രിയ മുറികളിൽ അണുബാധ പരിശോധിക്കുന്നത് മെഡിക്കൽ കോളേജിലെ മൈക്രോ ബയോളജി ലാബിലാണ്. മൂന്ന് തവണ അണുബാധ പരിശോധിക്കും.

രണ്ടാഴ്ചക്കുള്ളിൽ കോന്നി മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ വിഭാഗം തുടങ്ങാൻ കഴിയും.

ആശുപത്രി അധികൃതർ

ബി ആൻഡ് സി ബ്ളോക്ക് ആറ് മാസത്തിനുള്ളിൽ ബലപ്പെടുത്തി പ്രവർത്തനം പുനരാരംഭിക്കും,

നവീകരണത്തിന് 5 കോടി,

23ന് കെട്ടിടം നിർമാണ കമ്പനിക്ക് കൈമാറും