ഇന്ത്യ സൂപ്പർ സോണിക്, ഹൈപ്പർ സോണിക് മിസൈൽ ഇന്ത്യ പരീക്ഷിച്ചു, ബ്രഹ്‌മോസിനെക്കാൾ മൂന്നു മടങ്ങ് വേഗത
ന്യൂഡൽഹി: ബ്രഹ്‌മോസ് മിസൈലിനേക്കാൾ മൂന്നു മടങ്ങ് വേഗതയുള്ള ഹൈപ്പർ സോണിക് മിസൈൽ ഇന്ത്യ പരീക്ഷിച്ചു. ഇന്ത്യ സ്വയം വികസിപ്പിച്ച സ്‌കാംജെറ്റ് എൻജിനാണ് ഇതിൽ ഉപയോഗിക്കുന്നത്.
'പ്രൊജക്റ്റ് വിഷ്ണു" എന്ന പേരിൽ ഡി.ആർ.ഡി.ഒ (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ) ആണ് ഇതു വികസിപ്പിച്ചത്. എക്സ്റ്റൻഡഡ് ട്രജക്റ്ററി ലോംഗ് ഡ്യൂറേഷൻ ഹൈപ്പർ സോണിക് ക്രൂസ് മിസൈൽ (ഇ.ടി-എൽ.ഡി.എച്ച്.സി.എം) എന്നാണ് മിസൈൽ നാമം. നിലവിൽ ബ്രഹ്‌മോസാണ് ഇന്ത്യയുടെ ഏറ്റവും വേഗമേറിയ ക്രൂസ് മിസൈൽ. 'വിഷ്ണു" മിസൈലിന് ഭാരം കുറവാണ്. സ്‌ക്രാംജെറ്റ് എൻജിനാണ് കാരണം. മിസൈൽ ഹൈപ്പർസോണിക് വേഗത്തിലേക്കെത്തുമ്പോൾ അന്തരീക്ഷത്തിൽ നിന്നാണ് ഇന്ധനജ്വലനത്തിനുള്ള ഓക്‌സിജൻ സ്വീകരിക്കുക. ഹൈപ്പർസോണിക് ക്രൂസ് മിസൈൽ സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. യു.എസ്, റഷ്യ, ചൈന എന്നിവയാണ് ഹൈപ്പർ സോണിക് ക്രൂസ് മിസൈൽ കൈയിലുള്ള മറ്റു രാജ്യങ്ങൾ.
റഡാർ നിരീക്ഷണങ്ങളിൽ പെടില്ല
1. ശബ്ദത്തേക്കാൾ എട്ട് മടങ്ങ് വേഗതയിലാണ് 'വിഷ്ണു" മിസൈൽ സഞ്ചരിക്കുക
(ബ്രഹ്‌മോസിനേക്കാൾ മൂന്നു മടങ്ങ് വേഗം കൂടുതൽ)
2. 1500 കിലോമീറ്റർ ദൂരത്തിൽ ആക്രമണം നടത്താം
(ബ്രഹ്‌മോസിന്റെ ദൂരപരിധി 290 മുതൽ 450 കിലോമീറ്റർ വരെ)
3. സ്വയം ഗതി മാറ്റാൻ കഴിവുള്ള ഹൈപ്പർ സോണിക് മിസൈലാണിത്
4. 1000 മുതൽ 2000 കിലോഗ്രാം വരെ ഭാരമുള്ള ആണവായുധം ഉൾപ്പെടെ വഹിക്കാനാകും.
5. സഞ്ചാരപാത വളരെ താഴ്ന്നതായതിനാൽ റഡാർ നിരീക്ഷണങ്ങളെ അതിജീവിക്കാനാകും
പ്രാധാന്യം
1. ഏഷ്യ, യൂറോപ്പ് വരെ മിസൈൽ പരിധിയിൽ വരും
2. വിദേശ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് കുറയ്ക്കാം