ആഭിചാര നിയന്ത്രണ നിയമം: പിന്നോട്ടില്ലെന്ന് സർക്കാർ, നിലപാട് തിരുത്തി സത്യവാങ്മൂലം നൽകി

Wednesday 16 July 2025 1:40 AM IST

സങ്കീർണതകൾ എന്തെന്ന് ഹൈക്കോടതി

കൊച്ചി: ദുരാചാരങ്ങളെ സർക്കാർ അംഗീകരിക്കുകയാണോയെന്ന് കോടതി ആരാഞ്ഞതിനു പിന്നാലെ

മന്ത്രവാദവും ആഭിചാര പ്രവൃത്തികളും തടയാനുള്ള നിയമനിർമ്മാണം സംബന്ധിച്ച് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ നിലപാട് മാറ്റി.

നിയമ നിർമ്മാണത്തിൽ നിന്ന് പിന്മാറിയിട്ടില്ലെന്നും സജീവ പരിഗണനയിലുണ്ടെന്നും ആഭ്യന്തരവകുപ്പ് പുതിയ സത്യവാങ്മൂലം നൽകി. നിയമപരവും ഭരണഘടനാപരവുമായ സങ്കീർണതകൾ കാരണമാണ് മന്ത്രിസഭ ഇതേക്കുറിച്ചുള്ള ചർച്ച മാറ്റിവച്ചതെന്നും അറിയിച്ചു. സങ്കീർണതകൾ എന്താണെന്ന് വിശദമാക്കാൻ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്രിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. തീരുമാനം എപ്പോൾ ഉണ്ടാകുമെന്നും ചർച്ചകൾ എപ്പോൾ പൂർത്തിയാകുമെന്നും അറിയിക്കണം. അഞ്ചു വർഷത്തിനിടെ എത്ര കേസുകൾ രജിസ്റ്റർ ചെയ്തെന്നും നിലവിലുള്ള നിയമങ്ങൾ പ്രകാരം അവ എങ്ങനെ കൈകാര്യം ചെയ്തെന്നും വ്യക്തമാക്കി അധിക സത്യവാങ്മൂലം സമർപ്പിക്കണം. ഹർജി ആഗസ്റ്റ് 5ന് പരിഗണിക്കും.

കഴിഞ്ഞതവണ ആഭ്യന്തരവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിൽ നിയമ നിർമ്മാണത്തിൽ നിന്നുള്ള പിന്മാറ്റം സൂചിപ്പിച്ചിരുന്നു. അപ്പോഴാണ് ദുരാചാരങ്ങളെ അംഗീകരിക്കുകയാണോ എന്ന് കോടതി ആരാഞ്ഞത്. ഉയർന്ന ഉദ്യോഗസ്ഥൻ മറുപടി നൽകണമെന്നും നിർദ്ദേശിച്ചു. ഇന്നലെ അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് സത്യവാങ്മൂലം നൽകിയത്. കേസുകളിൽ ബി.എൻ.എസ്, ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്‌ഷണബിൾ അഡ്വർട്ടൈസ്‌മെന്റ്സ്)ആക്ട്, പൊലീസ് ആക്ട്, പോക്സോ, ബാലനീതി, പട്ടിക വിഭാഗത്തിനെതിരായ പീഡനം തടയൽ തുടങ്ങിയ നിയമവ്യവസ്ഥകൾ പ്രകാരം വിചാരണ നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.

ഇലന്തൂർ ഇരട്ട നരബലി കേസിന്റെ പശ്ചാത്തലത്തിൽ കേരള യുക്തിവാദി സംഘം സമർപ്പിച്ച പൊതുതാത്പര്യ ഹർജിയാണ് പരിഗണനയിലുള്ളത്.

വിശ്വാസവും അന്ധവിശ്വാസവും

വേർതിരിക്കൽ ശ്രമകരം: സർക്കാർ

 വിശ്വാസത്തിന്റെ പേരിൽ പ്രാകൃത ആചാരങ്ങളും ആൾ ദൈവങ്ങളുടെ ചൂഷണവും തുടരുന്നുണ്ട്. ഇതിൽ സർക്കാരിന് ആശങ്കയുണ്ട്. ജസ്റ്റിസ് കെ.ടി. തോമസ് അദ്ധ്യക്ഷനായ നിയമ പരിഷ്കരണ കമ്മിഷന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കി 'കേരള പ്രിവൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഒഫ് ഇൻഹ്യൂമൻ ഈവിൾ പ്രാക്ടീസസ്, സോർസെറി ആൻഡ് ബ്ലാക് മാജിക് ബിൽ 2022" എന്ന ബില്ലിന്റെ കരട് തയ്യാറാക്കിയിട്ടുണ്ട്. നിയമ നിർമ്മാണത്തിന് പ്രതി‌ജ്ഞാബദ്ധമാണ്. മതസ്വാതന്ത്ര്യം ഉറപ്പാക്കി ബില്ലിനെ സന്തുലിതമാക്കുകയാണ് പ്രാഥമിക വെല്ലുവിളി. അന്ധവിശ്വാസത്തിന് കൃത്യമായ നിർവചനമില്ല. അത് പൈതൃകം, സംസ്കാരം, മതം, വ്യക്തിപരമായ കാഴ്ചപ്പാട് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

സൂക്ഷ്മമായ വിശകലനം ആവശ്യമാണ്. അപ്രതീക്ഷിത പ്രത്യാഘാതങ്ങളെക്കുറിച്ച് ജാഗ്രത വേണം. വൈവിധ്യമാർന്ന ആചാരങ്ങൾ സ്വത്വവുമായി ബന്ധപ്പെട്ടതാണ്.

ദുരാചാരങ്ങളുടെ ഭാഗമായി പരിക്കോ, മരണമോ അതിക്രമമോ, മൃഗബലിയോ ഉണ്ടായാൽ നേരിടാൻ നിയമങ്ങളുണ്ട്. സാമൂഹിക ക്ഷേമ വകുപ്പും പൊലീസും ബോധവത്കരണം നടത്തുന്നുണ്ട്.