പ്രളയഫണ്ട് തട്ടിപ്പ്: വിഷ്ണു പ്രസാദിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

Wednesday 16 July 2025 1:00 AM IST

കാക്കനാട്: പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ സസ്പെൻഷനിലായിരുന്ന ഒന്നാം പ്രതി വിഷ്ണു പ്രസാദിനെ റവന്യുവകുപ്പിൽ നിന്ന് പിരിച്ചുവിട്ടു. തട്ടിപ്പ് നടക്കുമ്പോൾ എറണാകുളം ജില്ലാ കളക്ടറേറ്റിലെ ദുരിതാശ്വാസവിഭാഗം സെല്ലിൽ ക്ലർക്കായിരുന്നു ഇയാൾ. വകപ്പുതല അന്വേഷണം പൂർത്തിയായതിനെ തു‌‌‌ടർന്ന് ലാൻഡ് റവന്യൂ കമ്മിഷണർ കെ.മുഹമ്മദ് വൈ.സഫറുള്ളയാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ട് ഉത്തരവിറക്കിയത്. ജാമ്യത്തിൽ കഴിയുന്ന വിഷ്ണുപ്രസാദുൾപ്പെടെ പ്രതികൾക്കെതിരെ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. 2018ലെ പ്രളയ ബാധിതർക്ക് വിതരണം ചെയ്യാൻ സർക്കാർ അനുവദിച്ച ദുരിതാശ്വത്തുകയിൽ നിന്ന് 76,83,000 രൂപയാണ് വിഷ്ണുപ്രസാദ് വകമാറ്റിയെടുത്തത്. ഈ തുക ഉപയോഗിച്ച് ആഡംബര വാഹനങ്ങൾ വാങ്ങുകയും കോഴിവളർത്തൽ ബിസിനസ് ആരംഭിക്കുകയും ചെയ്തതായി ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അനർഹരായ 325 ഗുണഭോക്താക്കൾ കൈപ്പറ്റിയ 7.78 കോടി രൂപ തിരിച്ചു പിടിക്കുന്നതിലും വിഷ്ണു വീഴ്ച വരുത്തി സർക്കാരിന് നഷ്ടം വരുത്തിയതായി റിപ്പോർട്ടുണ്ട്. വ്യാജരസീത് ചമയ്ക്കുകയും കളക്ടറുടെ വ്യാജ ഒപ്പിടുകയും ചെയ്തു. ഗുണഭോക്താക്കൾ തിരിച്ചടച്ച രസീതിന്റെ കപ്യൂട്ടർ പ്രിന്റ് അനധികൃതമായി എടുത്താണ് തട്ടിപ്പ് നടത്തിയത്. 23തവണ കൃത്രിമമായി പണമിടപാട് നടത്തിയതായി വകുപ്പുതല അന്വേഷണത്തിലും കണ്ടെത്തുകയുണ്ടായി.