കൂടൽമാണിക്യം: നിലവിലെ സ്ഥിതി തുടരണമെന്ന ഉത്തരവ് നീട്ടി
കൊച്ചി:കൂടൽമാണിക്യം ക്ഷേത്രം കഴകം തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതി തുടരണമെന്ന ഇടക്കാല ഉത്തരവ് ഹൈക്കോടതി ഒരാഴ്ച കൂടി നീട്ടി.നിയമനത്തിന് അഡ്വൈസ് മെമ്മോ ലഭിച്ച കെ.എസ്. അനുരാഗിന് കാത്തിരിക്കേണ്ടിവരും.കഴകം ജോലിയിൽ പാരമ്പര്യാവകാശം ഉന്നയിച്ച് ടി.വി. ഹരികൃഷ്ണൻ അടക്കം നൽകിയ ഹർജികളിൽ ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ അദ്ധ്യക്ഷനായ ദേവസ്വംബെഞ്ചിൽ 17ന് വാദം തുടരും.ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് മുഖേനയുള്ള നിയമനം വന്നാൽ കഴകത്തിന് പരമ്പരാഗതമായി കിട്ടിയ അവകാശം വിഭജിച്ചു പോകുന്ന സ്ഥിതിയുണ്ടാകുമെന്ന് ഹരികൃഷ്ണൻ വാദിച്ചു.ഹർജിയിൽ അനുരാഗിനെ കക്ഷിചേർക്കുന്നതിനെ എതിർക്കുകയും ചെയ്തു.എന്നാൽ അഡ്വൈസ് മെമ്മോ കിട്ടിയ ഉദ്യോഗാർത്ഥിക്ക് വാദങ്ങളുന്നയിക്കാൻ അവകാശമില്ലേയെന്ന് കോടതി ചോദിച്ചു.ശമ്പള വിഷയത്തിൽ ഹർജിക്കാരൻ ഉചിതമായ ഫോറത്തെയാണ് സമീപിക്കേണ്ടത്.റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നൽകിയാലും ഹർജിക്കാരൻ പുറത്താകുന്നില്ല.ഇത്തരം വാദങ്ങളുന്നയിച്ച് സമയം പാഴാക്കരുതെന്നും വാക്കാൽ പറഞ്ഞു.