എ.ഡി.ജി.പിയുടെ ട്രാക്ടർ യാത്ര നിയമ ലംഘനമെന്ന് റിപ്പോർട്ട്

Wednesday 16 July 2025 1:16 AM IST

 ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ശബരിമലയിൽ പൊലീസിന്റെ സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ട്രാക്ടറിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചും യാത്ര ചെയ്തത് ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് വിശദീകരിച്ച് ശബരിമല സ്പെഷ്യൽ കമ്മിഷണർ റിപ്പോർട്ട് നൽകി. വിഷയം ഇന്ന് ദേവസ്വം ബെഞ്ച് പരിഗണിക്കും.

ജൂലായ് 12,13 തീയതികളിലായിരുന്നു എ.ഡി.ജി.പിയുടെ ട്രാക്ടർ യാത്ര. സന്നിധാനത്തേക്ക് ചരക്കുകൾ കൊണ്ടുപോകാനായി ഉപയോഗിക്കുന്ന ട്രാക്ടറിൽ യാത്ര ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് 2021 ൽ ഉത്തരവിട്ടിരുന്നു. ഇതിന്റെ ലംഘനമാണ് എ.ഡി.ജി.പി നടത്തിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 12ന് വൈകിട്ട് ആറുമണിക്ക് ചെളിക്കുഴി ഭാഗത്തുനിന്നാണ് എ.ഡി.ജി.പി ട്രാക്ടറിൽ കയറിയത്. സന്നിധാനത്തിന് അടുത്ത് ചെരുപ്പുകട ഭാഗത്ത് എത്തിയപ്പോൾ ഇറങ്ങി. പി.എസ്.ഒയും ഒപ്പം ഉണ്ടായിരുന്നു. 13 ന് പകൽ ഒരുമണിയോടെ ചെരിപ്പുകട ഭാഗത്തുനിന്ന് ട്രാക്ടറിൽ കയറി പമ്പയിലെത്തി ചെളിക്കുഴി ഭാഗത്ത് ഇറങ്ങുകയും ചെയ്തെന്ന് റിപ്പോർട്ടിൽ പറയുന്നു.