പാൽ വിലവർദ്ധന പഠിക്കാൻ സമിതിയെ ചുമതലപ്പെടുത്തി മിൽമ

Wednesday 16 July 2025 1:22 AM IST

തിരുവനന്തപുരം: പാൽ വിലവർദ്ധന പഠിക്കാൻ അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി മിൽമ ഫെഡറേഷൻ യോഗം. മൂന്ന് മേഖലാ യൂണിയനുകളുടെയും ക്ഷീരവികസന വകുപ്പിന്റെയും ഫെഡറേഷന്റെയും ഓരോ ഔദ്യോഗിക പ്രതിനിധികളാണ് സമിതിയിൽ ഉണ്ടാകുക. ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. പാൽ വില വർദ്ധനയ്ക്ക് സർക്കാരിന്റെ അനുമതികൂടി നേടേണ്ടിവരും.

കാലിത്തീറ്റ സബ്സിഡി മൂന്ന് മേഖലാ യൂണിയന്റെയും സാമ്പത്തിക സ്ഥിതിയനുസരിച്ച് വിതരണം ചെയ്യാനും തീരുമാനിച്ചു.ഫെഡറേഷൻ ചെയർമാൻ കെ.എസ്. മണിയുടെ അദ്ധ്യക്ഷതയിലാണ് യോഗം നടന്നത്. നിലവിൽ 52 രൂപയ്ക്കാണ് ഒരു ലിറ്റർ പാൽ വിൽപന നടത്തുന്നത്. എന്നാൽ പാലിന്റെ ഗുണനിലവാരമനുസരിച്ച് 42 മുതൽ 48 രൂപവരെയാണ് കർഷകന് ലഭിക്കുന്നത് . 2022 ഡിസംബറിലാണ് സംസ്ഥാനത്ത് അവസാനമായി പാൽവില കൂട്ടിയത്. അന്ന് ലിറ്ററിന് ആറുരൂപയാണ് കൂട്ടിയത്. ഒരുദിവസം ശരാശരി 12.5 ലക്ഷം ലിറ്റർ പാലാണ് മിൽമ കേരളത്തിൽനിന്ന് സംഭരിക്കുന്നത്. ശരാശരി 14 ലക്ഷം ലിറ്റർ വിൽക്കുന്നുണ്ട്.