ഘടകകക്ഷി സഖ്യംവിട്ടു; ഭരണപ്രതിസന്ധിയിൽ നെതന്യാഹു

Wednesday 16 July 2025 1:46 AM IST

ടെൽ അവീവ്: ഇസ്രയേലിൽ യാഥാസ്ഥിതിക കക്ഷിയായ യുനൈറ്റഡ് തോറ ജൂദായിസം പാർട്ടി സഖ്യം വിട്ടതോടെ നെതന്യാഹു സർക്കാരിന് ഭരണപ്രതിസന്ധി. നിർബന്ധിത സൈനിക സേവനത്തിലെ ഇളവ് അവസാനിപ്പിച്ച് സർക്കാർ പ്രഖ്യാപിച്ച കരട് സൈനിക നയത്തിൽ പ്രതിഷേധിച്ചാണ് ഏഴംഗ പാർട്ടിയിലെ ആറുപേരും രാജിക്കത്ത് നൽകിയത്. പാർട്ടി ചെയർമാൻ ഒരു മാസം മുമ്പ് രാജി നൽകിയിരുന്നു.

ഇതോടെ, 120 അംഗ സഭയിൽ ഭൂരിപക്ഷം 61 ആയി ചുരുങ്ങിയ നെതന്യാഹു സർക്കാരിനുമേൽ സഖ്യകക്ഷികളായ തീവ്രവലതുപക്ഷ പാർട്ടികൾ കൂടുതൽ കരുത്തുള്ളവരാകും. വെടിനിറുത്തലിന് ഒരുവിട്ടുവീഴ്ചയും അരുതെന്ന നിലപാടുള്ള തീവ്രവലതുപക്ഷ കക്ഷികൾ പിന്തുണക്കുന്ന നെതന്യാഹു സർക്കാരിന് ഹമാസുമായി ചർച്ച ദുഷ്‍കരമാകും. ജൂത വേദഗ്രന്ഥങ്ങൾ പഠിക്കുന്ന ജൂത ഇസ്രയേലികൾക്ക് നിർബന്ധിത സൈനിക സേവനത്തിൽ ഇളവു നൽകുന്നതാണ് നിലവിലെ സൈനിക ചട്ടം. എന്നാൽ, രണ്ടുവർഷത്തിനരികെ നിൽക്കുന്ന ഗാസ അധിനിവേശ പശ്ചാത്തലത്തിൽ സൈനിക ശേഷി കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് അവർക്ക് കൂടി സൈനിക സേവനം നിർബന്ധമാക്കുന്ന പുതിയ കരട് അവതരിപ്പിച്ചത്. ഇത് അംഗീകരിക്കില്ലെന്ന് യുനൈറ്റഡ് തോറ ജൂതായിസം പറയുന്നു. സമാന നിലപാടുള്ള ഷാ പാർട്ടിയും രാജി വയ്ക്കുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.