മരണം സംഭവിക്കാൻ കാരണമാകുന്ന അപകടകാരി; കൊച്ചിയിൽ ഭർത്താവിനൊപ്പം വിമാനമിറങ്ങിയ ഗർഭിണിയുടെ വയറ്റിൽ കണ്ടത്
കൊച്ചി: വെള്ളിയാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയ ബ്രസീലിയൻ ദമ്പതിമാരെ പരിശോധിക്കാൻ ഡിആർഐ ഉദ്യോഗസ്ഥർ എത്തിയത് വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. മയക്കുമരുന്ന് ക്യാപ്സ്യൂൾ രൂപത്തിലാക്കി കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരുന്നത് ദമ്പതിമാരാണെന്നാണ് വിവരം ലഭിച്ചത്. ഇവരിൽ നിന്നും 163 ഗുളികകൾ കണ്ടെടുത്തു. ഇതിന് ഏകദേശം 16 കോടി രൂപയുടെ മൂല്യം വരും.
ബ്രസീൽ സ്വദേശികളായ ലൂക്കാസ് ബാറ്റിസ്റ്റ, ഭാര്യ ബ്രൂണ ഗബ്രിയൽ എന്നിവരാണ് കൊക്കെയ്ൻ വിഴുങ്ങി കടത്തിക്കൊണ്ടുവന്നത്. പിടിയിലായ യുവതി ഗർഭിണിയാണെന്ന് പിന്നീട് നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഏറെ അപകടകരമായ ലഹരിക്കടത്തായിരുന്നു ഇത്. ശരീരത്തിനുള്ളിൽവച്ച് ക്യാപ്സൂളുകൾ പൊട്ടിയാൽ മരണം വരെ സംഭവിക്കും. മയക്കുമരുന്ന് ഗുളികകളുടെ പുറത്ത് പ്ലാസ്റ്റിക് ആവരണമുണ്ട്. അതുകൊണ്ട് വയറ്റിലെത്തിയാലും പൊട്ടാൻ സാദ്ധ്യതയില്ല. ഈ വിശ്വാസമാണ് ഇത്രയും റിസ്‌ക് എടുത്ത് ഇവർ ലഹരി കടത്തുന്നത്.
കസ്റ്റഡിയിലെടുത്ത ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി പഴങ്ങളും പച്ചക്കറികളും നൽകി വയറിളക്കുകയായിരുന്നു. 163 ഗുളികകളാണ് ഇവരുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത്. ചൊവ്വാഴ്ച വീണ്ടും എക്സറേ എടുത്ത് വയറ്റിൽ ഗുളികകൾ ഇല്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് ഇവരെ ആശുപത്രിയിൽ നിന്ന് കൊണ്ടുപോയത്. അറസ്റ്റ് രേഖപ്പെടുത്തിയ ദമ്പതികളെ റിമാൻഡ് ചെയ്തു.