കീം; പ്രവേശനത്തിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി, കേസ് വീണ്ടും പരിഗണിക്കും

Wednesday 16 July 2025 12:59 PM IST

ന്യൂഡൽഹി: കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിൽ (കീം) ഇടപെടില്ലെന്ന് സുപ്രീംകോടതി. കീം പ്രവേശനം തടഞ്ഞിട്ടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഈ വർഷത്തെ പ്രവേശന പട്ടികയിൽ മാറ്റമില്ലെന്നും പ്രവേശനം തടയാതെ നാലാഴ്ചയ്ക്കുളളിൽ കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധിക്കെതിരെ അപ്പീൽ ഫയൽ ചെയ്യുന്നില്ലെന്ന് സർക്കാരും കോടതിയിൽ വ്യക്തമാക്കിയിരുന്നു.

കാര്യമായ നിയമപ്രശ്നങ്ങളില്ലെങ്കിൽ ഈ വർഷത്തെ കീം നടപടികളിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. പ്രോസ്പെക്ടസ് ഭേദഗതി ചെയ്ത ശേഷം പ്രസിദ്ധീകരിച്ച റാങ്ക്‌ ലിസ്റ്റ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെ കേരള സിലബസിലെ 12 വിദ്യാർത്ഥികൾ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രോസ്പെക്ടസിൽ കേരള സർക്കാർ വരുത്തിയ മാറ്റത്തെ സംശയിക്കുന്നില്ല. എന്നാൽ, പുതിയ നയം കൊണ്ടുവരുമ്പോൾ അക്കാര്യം മുൻകൂട്ടി പ്രഖ്യാപിക്കണമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

വിദ്യാർത്ഥികൾക്ക് പ്രശ്നം ഉണ്ടാകാതിരിക്കാനാണ് അപ്പീൽ നൽകാത്തതെന്ന് കേരളം സുപ്രീംകോടതിയിൽ വ്യക്തമാക്കി. റാങ്ക് ലിസ്റ്റ് പ്രഖ്യാപിക്കുന്നതിന്റെ ഒരു മണിക്കൂർ മുൻപാണ് ഫോർമുലയിൽ മാറ്റം വരുത്തിയതെന്നും ഇത് നിയമവിരുദ്ധമാണെന്നും സിബിഎസ്ഇ വിദ്യാർത്ഥികളുടെ അഭിഭാഷകനും വാദിച്ചിരുന്നു.