ലഹരിക്കടത്തിൽ രണ്ടാമൻ; ഇന്ത്യയിലേക്കും ഒഴുക്കുന്നു
കൊച്ചി: കാൽപന്തുകളിലെ പുകൾപെറ്റവർ. ആമസോൺ വനാന്തര കാഴ്ചകളും ലോകാത്ഭുങ്ങളിൽ ഒന്നായ ക്രൈസ്റ്റ് ദി റെഡിമീറും ബ്രസീലിനെ വ്യത്യസ്തമാക്കുമ്പോഴും ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യത്തിന് നാണക്കേടാണ് കൊടികുത്തിവാഴുന്ന അധോലകസംഘങ്ങൾ. കൊല്ലും കൊലയും കൊള്ളയടിയുമെല്ലാം പുത്തരിയല്ലാത്ത മാഫിയകൾ. പുതിയ റിപ്പോർട്ടുകൾ പ്രകാരം കൊളമ്പിയ കഴിഞ്ഞാൽ മയക്കുമരുന്ന് കടത്തിലെ രണ്ടാം സ്ഥാനക്കാർ. കൊച്ചിയിൽ അടുത്തിടെ പിടിയിലായ ബ്രസീലിയൻ ദമ്പതികൾ സാവോ പോളോയിൽ നിന്നാണ് എത്തിയത്. അതിനാൽ, ഇവർക്ക് പിന്നിൽ പി.സി.സി. എന്ന സംഘമായിരിക്കാമെന്നാണ് നിഗമനം. ബ്രസീലിൽ പ്രധാനമായും രണ്ട് വലിയ അധോലോക സംഘങ്ങളാണുള്ളത്:
അധോലോക സംഘങ്ങൾ പ്രൈമെറോ കമാൻഡോ ഡി കാപ്പിറ്റൽ : സാവോ പോളോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സംഘത്തിന് 40,000ൽ അധികം അംഗങ്ങളുണ്ട്. മയക്കുമരുന്ന്, കള്ളപ്പണ ഇടപാട്, ഭീഷണിപ്പെടുത്തൽ, കള്ളക്കടത്ത്, തട്ടിക്കൊണ്ടുപോകൽ, കൊള്ളയടി തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഇവർ ഏർപ്പെടുന്നു. അന്താരാഷ്ട്ര ബന്ധങ്ങളും ഇവർക്കുണ്ട്.
കമാൻഡോ വെർമെലോ: റിയോ ഡി ജനീറോ ആസ്ഥാനമായ ബ്രസീലിലെ ഏറ്റവും പഴയ അധോലോക സംഘമാണിത്. 1970കൾ മുതൽ സജീവമായ ഇവർക്ക് 20 ബ്രസീലിയൻ സംസ്ഥാനങ്ങളിൽ വേരോട്ടമുണ്ട്. അയൽരാജ്യങ്ങളായ ബൊളീവിയ, പരാഗ്വേ, കൊളംബിയ എന്നിവിടങ്ങളിലെ മാഫിയകളുമായി ഇവർക്ക് ബന്ധമുണ്ട്. ഇവയ്ക്ക് പുറമെ എഫ്.എൻ.ഡി., മിലിഷ്യസ് തുടങ്ങിയ ചെറുസംഘങ്ങളും ബ്രസീലിൽ പ്രവർത്തിക്കുന്നുണ്ട്.
വർഷം - കേസ് - കൊക്കെയ്ൻ (കി.ഗ്രാം) • 2020- 2,01,531 - 59,243 • 2021 - 1,92,038 -84,286 • 2022- 1,69,712 -1,21,126 • 2023 - 1,81,843 -1,28,720 • 2024 - 1,83,001- 1,37,362
(ബ്രസീലയൻ മാദ്ധ്യമ റിപ്പോർട്ട് )