ഇനി പഠിക്കാം

Thursday 17 July 2025 2:22 AM IST

സുപ്രീംകോടതി വരെ നീണ്ട നിയമയുദ്ധത്തിനൊടുവിൽ എൻട്രൻസിൽ പാസായ വിദ്യാർത്ഥികൾക്ക് ഇനി ആശങ്കയില്ലാതെ എൻജിനിയറിംഗ് പഠനത്തിനു ചേരാം. എൻട്രൻസ് റാങ്ക് നിർണയിക്കാനുള്ള മാർക്ക് സമീകരണ ഫോർമുല പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ച ശേഷം മാറ്റിയ ഹൈക്കോടതി ഉത്തരവിൽ സുപ്രീംകോടതി ഇടപെടാതിരുന്നതോടെ അലോട്ട്മെന്റിന് ഇനി തടസമില്ല. എൻജിനിയറിംഗ് എൻട്രൻസ് റാങ്ക് പട്ടികയിലുള്ള 76,230 കുട്ടികൾക്ക് ആശ്വാസമായത് ഇപ്പോഴാണ്. പക്ഷേ, നിബന്ധനകൾ അവസാന നിമിഷം മാറ്റിയ സർക്കാരിന് തിരിച്ചടിയുമാണ്. റാങ്കിൽ പിന്നോട്ടുപോവുന്ന സംസ്ഥാന സിലബസ് വിദ്യാർത്ഥികളെ സംരക്ഷിക്കാനായിരുന്നു മാർക്ക് സമീകരണത്തിന് തമിഴ്നാട് മോഡൽ ഫോർമുല സർക്കാർ സ്വീകരിച്ചത്.

ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ആദ്യ റാങ്ക് പട്ടിക റദ്ദാക്കി പഴയ ഫോർമുലയനുസരിച്ച് പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതിനെ ചോദ്യം ചെയ്ത് സംസ്ഥാന സിലബസുകാരും തടസ ഹർജിയുമായി സി.ബി.എസ്.ഇക്കാരും സുപ്രീംകോടതിയിലെത്തി. ഇനിയും കേസ് നീണ്ടാൽ അലോട്ട്മെന്റ് കുഴയുമായിരുന്നു. അതിനാൽ സുപ്രീംകോടതിയിൽ സർക്കാർ അപ്പീൽ നൽകിയില്ല. ഈ വർഷത്തെ കീം പ്രവേശന നടപടികളിൽ ഇടപെടില്ലെന്നും രണ്ടാഴ്ചക്കുശേഷം വീണ്ടും സർക്കാരിന്റെ വാദം കേൾക്കാമെന്നും സുപ്രീംകോടതി നിലപാടെടുത്തതോടെയാണ് ആശങ്കയൊഴിഞ്ഞത്.

മാർക്ക് സമീകരണത്തിനുള്ള വിദ്ഗദ്ധസമിതി മാസങ്ങൾക്ക് മുൻപുതന്നെ സർക്കാരിന് റിപ്പോർട്ട് നൽകിയതാണെങ്കിലും തീരുമാനം വൈകിപ്പിച്ചതാണ് തിരിച്ചടിയായത്. മാർക്ക് സമീകരണ ഫോർമുല പരിഷ്കരണം ഇക്കൊല്ലം തന്നെ വേണോയെന്ന് മന്ത്രിസഭായോഗത്തിൽ മൂന്ന് മന്ത്രിമാർ ആശങ്ക പ്രകടിപ്പിച്ചതാണ്. അത് വകവയ്ക്കാതെ തിടുക്കപ്പെട്ട് പുതിയ മാർക്ക്സമീകരണ ഫോർമുല നടപ്പാക്കിയതാണ് തിരിച്ചടിയായത്. സംസ്ഥാന സിലബസുകാരുടെ താത്പര്യം സംരക്ഷിക്കാനെന്ന ഉറച്ചനിലപാടാണ് മന്ത്രി ആർ.ബിന്ദു സ്വീകരിച്ചത്. ഇതിന് മന്ത്രിസഭായോഗം അനുമതി നൽകുകയായിരുന്നു.

പ്രോസ്പെക്ടസ് പുറപ്പെടുവിച്ച ശേഷം ഏതുഘട്ടത്തിൽ വേണമെങ്കിലും വ്യവസ്ഥകളിൽ മാറ്റംവരുത്താമെന്ന വകുപ്പ് പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തി. എന്നാൽ പ്രോസ്പെക്ടസിൽ വരുത്തുന്ന ഭേദഗതികൾ ഒരു വിദ്യാർത്ഥിക്കുപോലും ദോഷകരമായിരിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവുകളുള്ളത് സർക്കാർ മറന്നു. അതേസമയം, എല്ലാവർക്കും ഒരുപോലെ ആനുകൂല്യങ്ങൾ നൽകുന്ന ഭേദഗതിക്ക് തടസവുമില്ല. ഇത് മറന്നും ഇക്കൊല്ലം തിടുക്കത്തിൽ പുതിയ രീതി നടപ്പാക്കേണ്ടതില്ലെന്ന വിദഗ്ദ്ധസമിതിയുടെ ശുപാർശ അവഗണിച്ചുമാണ് സർക്കാർ മുന്നോട്ടുപോയത്. സുപ്രീംകോടതിയിൽ അപ്പീൽ നൽകിയാലും തിരിച്ചടി ഉറപ്പായിരുന്നതിലാണ് സർക്കാർ പിൻവാങ്ങിയത്.

എൻജിനിയറിംഗ് എൻട്രൻസിന്റെ സ്കോറും പ്ലസ്ടുവിന്റെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പരീക്ഷയുടെ മാർക്കും തുല്യ അനുപാതത്തിൽ പരിഗണിച്ചാണ് 2011മുതൽ റാങ്ക്പട്ടികയുണ്ടാക്കിയിരുന്നത്. അന്യബോർഡുകളുടെ മാർക്കുമായുള്ള സമീകരണത്തിലൂടെ കഴിഞ്ഞതവണ കേരളസിലബസിൽ പഠിച്ച് മുഴുവൻ മാർക്ക് നേടിയവരുടെയും 35മാർക്ക് വരെ കുറഞ്ഞു. സി.ബി.എസ്.ഇക്കാർക്ക് എട്ടുമാർക്ക് അധികം ലഭിച്ചു. 2021ൽ 43മാർക്ക് വരെ കുറഞ്ഞതായാണ് പരാതി. ഇതേത്തുടർന്നായിരുന്നു മാർക്ക് സമീകരണ രീതി മാറ്റിയത്. റാങ്ക്പട്ടിക അപ്പാടെ മാറിയതോടെ, കേരള സിലബസുകാർക്ക് വൻതിരിച്ചടിയാണ്. 6000 റാങ്കുവരെ പിന്നോട്ടുപോയവരുണ്ട്. ആദ്യപട്ടികയിലെ എട്ടാംറാങ്കുകാരൻ 185-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പുതിയ 5,6,9,10 റാങ്കുകാർ നേരത്തേ ആദ്യപത്തിലുണ്ടായിരുന്നില്ല. മുൻപട്ടികയിലെ 7,8,9,10റാങ്കുകാർ പുതിയ ലിസ്റ്റിലെത്തിയില്ല. പലർക്കും പ്രതീക്ഷിച്ച കോളേജുകളിലും കോഴ്സുകളിലും പ്രവേശനം ലഭിക്കില്ല. ഈ സാഹചര്യത്തിലായിരുന്നു സംസ്ഥാന സിലബസുകാർ സുപ്രീംകോടതിയിലെത്തിയത്.

റാങ്ക് ലിസ്റ്റിലും പ്രവേശനത്തിലും ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി നിലപാടെടുത്തതോടെ സംസ്ഥാന സിലബസുകാർക്ക് തിരിച്ചടിയാണ്. സർക്കാർ കോളേജുകളിൽ പ്രവേശനം ലഭിക്കാത്തവർക്ക് ഇരട്ടിയിലേറെ ഫീസ് നൽകി സ്വാശ്രയത്തിൽ ചേരേണ്ടിവരും. അതേസമയം, ഇതേ ഫോർമുല വരും വർഷങ്ങളിൽ തുടരണമെന്നാണ് സി.ബി.എസ്.ഇക്കാരുടെ ആവശ്യം. പ്രവേശനവും അലോട്ട്മെന്റും വൈകിയാൽ വിദ്യാർത്ഥികൾ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലേക്ക് പോവും. തമിഴ്നാട്ടിൽ പ്രവേശനം തുടങ്ങിക്കഴിഞ്ഞു. ഈമാസം പകുതിയോടെ ക്ലാസ്‌തുടങ്ങുകയാണ്. എല്ലാവർഷവും അറുപതിനായിരം കുട്ടികൾ അന്യസംസ്ഥാനങ്ങളിലേക്ക് പോവുന്നതായാണ് കണക്ക്. ഇക്കൊല്ലം എണ്ണം കൂടിയേക്കാം. മൂന്ന് കേന്ദ്രീകൃതഅലോട്ട്മെന്റും ഒരു സ്ട്രേവേക്കൻസി അലോട്ട്മെന്റും സ്പോട്ട്അലോട്ട്മെന്റുകളുമെല്ലാം ആഗസ്റ്റ് 14നകം തീർക്കണമെന്നാണ് എ.ഐ.സി.ടി.ഇ നിർദ്ദേശം. സെപ്തംബർ വരെ നീട്ടണമെന്ന് എൻട്രൻസ്‌ കമ്മിഷണർ ആവശ്യപ്പെട്ടിട്ടുണ്ട്.

കണക്കിന്റെ

മാർക്ക് തുണച്ചില്ല

പ്ലസ്ടുവിന് മാത്തമാറ്റിക്സിന് ഉയർന്ന മാർക്ക് കിട്ടിയവരാണ് എൻട്രൻസ് ആദ്യത്തെ റാങ്കുപട്ടികയിൽ മുന്നിലെത്തിയത്. എൻട്രൻസിന്റെ സ്കോറും പ്ലസ്ടു ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് മാർക്കും തുല്യഅനുപാതത്തിൽ പരിഗണിച്ചായിരുന്നു നേരത്തേ റാങ്ക് പട്ടികയുണ്ടാക്കിയിരുന്നത്. ഇത്തവണ മാത്തമാറ്റിക്സിന് ഉയർന്ന വെയ്‌റ്റേജ് നൽകി. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി മാർക്ക് 300ൽ പരിഗണിച്ചത് 5:3:2എന്ന അനുപാതത്തിലാണ്. അതായത് മാത്തമാറ്റിക്സിന്റെ മാർക്ക് പരിഗണിച്ചത് 150വെയ്റ്റേജോടെയും ഫിസിക്സിന്റേത് 90, കെമിസ്ട്രിയുടേത് 60 വെയ്റ്റേജിലുമാണ്. മാത്തമാറ്റിക്സിന് മുന്നിലെത്തിയവരാണ് റാങ്കുകാരെല്ലാം. ഫോർമുല മാറിയതോടെ മാത്തമാറ്റിക്സിന്റെ വെയ്റ്റേജും ഇല്ലാതായി. എൻട്രൻസ് പരീക്ഷയിലെ ചോദ്യങ്ങളിലും മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് 5:3:2 വെയ്റ്റേജുണ്ട്. ആകെയുള്ള 150ചോദ്യങ്ങളിൽ മാത്തമാറ്റിക്സ്-75, ഫിസിക്സ്-45, കെമിസ്ട്രി-30 എന്നിങ്ങനെയാണ്. ചോദ്യങ്ങളിലും പ്ലസ്ടു മാർക്കിലും മാത്തമാറ്റിക്സിന് വെയ്റ്രേജ് നൽകിയത് എൻജിനിയറിംഗ് പഠിക്കാൻ മികച്ച കുട്ടികളെ കിട്ടാനായിരുന്നു.