ഇനിയെങ്ങും രാമായണ ശീലുകളാൽ മുഖരിതം

Thursday 17 July 2025 12:43 AM IST

കോട്ടയം : ഇന്ന് കർക്കടകം ഒന്ന്. തുഞ്ചന്റെ പൈങ്കിളി പാടിയ രാമകഥാശീലുകൾ ഇനി പുലരികളിലും സന്ധ്യകളിലും മുഴങ്ങിക്കേൾക്കും. കർക്കടകം ഭൂമിയെ നനയ്ക്കുന്ന കാലമാണ്. വിളവെടുപ്പുത്സവമായ ഓണത്തിനു മുൻപുള്ള പെരുംപെയ്ത്ത്. ഇടമുറിയാതെ പെയ്യുന്ന മഴ ഭൂമിയെ തണുപ്പിക്കുമ്പോൾ, ഉൾത്താപം കുറയ്ക്കാനും മനസിനെ സദ്ചിന്തകളിലേക്കു നയിക്കാനുമാണ് രാമായണ വായന. രാമന്റെ ധർമ്മസങ്കടങ്ങളിലൂടെ, സീതയുടെ കഠിനദുഃഖങ്ങളിലൂടെ വായിക്കുന്നയാളും നടക്കുന്നു. മാതാപിതാക്കളും മക്കളും, സഹോദരങ്ങളും ഭാര്യയും, ഭർത്താവും സുഹൃത്തും എങ്ങനെയാവണമെന്നും എങ്ങനെയാവരുതെന്നും നമ്മെ പഠിപ്പിക്കുന്നു. ബാലകാണ്ഡത്തിൽ തുടങ്ങി യുദ്ധകാണ്ഡത്തിലെ ശ്രീരാമ പട്ടാഭിഷേകത്തോടെയാണ് സമാപനം. ഉത്തര രാമായണ ഭാഗം വായിക്കാറില്ല. നാലമ്പല ദർശനവും ഉത്തമമാണ്. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ സ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്‌ന സ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ ഭക്തർക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

കർക്കടക ചികിത്സ

കർക്കടകത്തിൽ ആയുർവേദ ചികിത്സയ്ക്കും പ്രാധാന്യം കൂടുതലാണ്. ഔഷധം, ആഹാരം എന്നിവയിലൂടെ ശരീരപുഷ്ടി ഒരുക്കാൻ അനുയോജ്യമാണ് ഈ മാസമെന്നാണ് ആയുർവേദം പറയുന്നത്. ഏതു പ്രായക്കാർക്കും ചികിത്സയ്ക്ക് അനുയോജ്യം. കഷായ ചികിത്സ, പിഴിച്ചിൽ, ഉഴിച്ചിൽ, ഞവരക്കിഴി, ധാര, വസ്തി പിന്നെ വിശ്രമം എന്നിവയാണ് പ്രധാന ചികിത്സാഘട്ടങ്ങൾ. ശരീരത്തിന് പ്രതിരോധശേഷി നൽകാനും ദഹനത്തെ സഹായിക്കാനും കർക്കടക കഞ്ഞിയ്ക്കാകും. കർക്കടക കഞ്ഞി പാക്കറ്റിന് 250 രൂപ വരെയാണ്.

രാമായണ വില്പന കാലം

അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഏറ്റവും കൂടുതൽ വിറ്റഴിയുന്നത് കർക്കടക്കത്തിലാണ്. എസ്.പി.സി.എസ്, ഡി.സി ബുക്‌സ്, വിദ്യാരംഭം ,കുരുക്ഷേത്ര പബ്ലിക്കേഷഷൻസ് തുടങ്ങിയ പ്രസാധകർക്ക് പുറമെ തിരുവിതാംകൂർ ദേവസ്വംബോർഡ് വക പ്രമുഖ ക്ഷേത്രങ്ങളിൽ ഡിസ്‌ക്കൗണ്ടോടെ അദ്ധ്യാത്മ രാമായണം ലഭിക്കും. വലിയ അക്ഷരങ്ങളോടെ പ്രായമുള്ളവർക്കും, അനായാസം വായിക്കാൻ കഴിയുന്ന ഡീലക്‌സ് പതിപ്പും, സാധാരണ പതിപ്പുമുണ്ട്. പുലർച്ചെ ആകാശവാണി നിലയത്തിൽ നിന്ന് രാമായണ പാരായണമുണ്ട്.