രാമൻ എന്ന വലിയ പാഠം
നന്മയുടെയും നീതിയുടെയും അടയാളമാണ് രാമായണ മഹാകാവ്യം. അയോദ്ധ്യയിലെ മഹാരാജാവ് നീതിമാനായ ഭരണാധികാരിയാണ്. അദ്ദേഹത്തിന് ഒരു വലിയ മനോവ്യഥ- രാജ്യഭരണം ഏല്പിക്കുവാൻ ആൺമക്കളില്ല! അതിനായി നടത്തുന്ന പുത്രകാമേഷ്ടി യാഗവും. അവിടെ അഗ്നിയിൽ നിന്ന് പൊങ്ങിവന്ന പാത്രത്തിലെ പായസവും, അതിന്റെ വിഭജനവും... ഇതൊക്കെ മനുഷ്യരാശിയുടെ ജീവിതയാത്രയിലെ അനുഭവങ്ങളുമായി തുലനം ചെയ്യാവുന്നതാണ്.
രാമൻ എന്ന നായകൻ അനുഭവിക്കുന്ന ദുഃഖവും ഹൃദയവ്യഥയും സങ്കല്പിക്കാൻ പോലും പ്രയാസമാണ്. വർത്തമാനകാലത്ത് നമ്മുടെയെല്ലാം മുന്നിൽ വരുന്ന പ്രശ്നങ്ങളെയും, അവയെ നമ്മൾ കൈകാര്യം ചെയ്യുന്ന രീതികളെയും രാമൻ കൈകാര്യം ചെയ്തതുമായി താരതമ്യം ചെയ്യാൻ പ്രയാസമാണ്. രാമൻ യുവരാജാവായി പട്ടാഭിഷേകം ചെയ്യുന്നതിന് മണിക്കൂറുകൾ മുൻപ് സ്വന്തം ഇളയമ്മ പണ്ടു പറഞ്ഞ വാക്ക് പാലിക്കാൻ ഭർത്താവിനെ നിർബന്ധിക്കുകയും, അതിൽ ദുഃഖിതനായി ദശരഥൻ നിലത്ത് വീണുകിടക്കുമ്പോൾ രാജാധികാരം അച്ഛനു വേണ്ടി വലിച്ചെറിഞ്ഞ രാമൻ! ചെയ്യാത്ത കുറ്റത്തിന് വനവാസത്തിന് പോകണമെന്നു പറഞ്ഞപ്പോൾ ആ വാക്കു പാലിക്കുവാൻ അതും സ്വീകരിച്ച് കാട്ടിലേക്കു പോയ രാമനെ ഇന്നത്തെ കാലത്ത് സങ്കല്പിക്കാനാകുമോ? അധികാരത്തിനു വേണ്ടി ഏത് വളഞ്ഞവഴിയും സ്വീകരിക്കുവാൻ ഒരു തരത്തിലുള്ള മനഃസാക്ഷിക്കുത്തും കാണിക്കാത്ത കാലമാണിത്. അതുപോലൊരു കാലത്ത് രാമൻ ഒരു വലിയ പാഠമാണ്.
പത്തായങ്ങൾ കാലിയാകുന്ന പഞ്ഞമാസത്തിൽ, കർക്കടകത്തിന്റെ വറുതിയിൽ നിന്ന് മോചനത്തിനായി പഴമക്കാർ കണ്ടുപിടിച്ച പരിഹാര മാർഗമാണ് രാമായണ പാരായണം. സന്ധ്യാനേരത്ത് നിലവിളക്കു കൊളുത്തി ഈണത്തിൽ നടത്തുന്ന രാമായണ വായന എല്ലാവീടുകളിലുമുണ്ടാകും. ആദികാവ്യമാണ് രാമായണം. ത്രേതായുഗത്തിലാണ് രാമായണം പിറന്നതെന്ന്ചരിത്രകാരന്മാർ സമർത്ഥിക്കുന്നു. ത്രേതായുഗകാലം എത്ര കൊല്ലമാണെന്ന് കൃത്യമായി കണക്കാക്കിയിട്ടില്ല. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ നാല് യുഗങ്ങളാണല്ലോ. ഓരോ യുഗവും തമ്മിലുള്ള അകലം കൃത്യമായി കണക്കാക്കിയിട്ടില്ല. എന്തായാലും ലക്ഷക്കണക്കിന് വർഷത്തെ ദൈർഘ്യം കണക്കാക്കുന്നപ്പെടുന്നുണ്ട്.
വാത്മീകിയാണ് രാമായണ കഥ എഴുതിയത്. 24,000 ശ്ലോകങ്ങളിലാണ് കാവ്യം. മലയാളത്തിൽ രാമായണം രചിച്ചത്, അദ്ധ്യാത്മ രാമായണം എന്ന പേരിൽ എഴുത്തച്ഛനാണ്. ലോകത്തിന്റെ പലഭാഗത്തും രാമായണ കാവ്യം പ്രചാരത്തിലുണ്ട്. മൊത്തം 322 രാമായണങ്ങൾ പ്രചരിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഇന്ത്യയിൽത്തന്നെ പല ഭാഷകളിലും പേരിലും രാമായണമുണ്ട്. തമിഴിൽ കമ്പരാമായണവും ഹിന്ദിയിൽ തുളസീദാസ രാമായണവും ബംഗാളിയിൽ കൃത്തിവാസ രാമായണവും പ്രചരിക്കുന്നു. ആദർശം കൃത്യമായി നടപ്പാക്കുന്ന, എല്ലാം തികഞ്ഞ ഏതെങ്കിലുമൊരാൾ ലോകത്ത് ജനിച്ചിട്ടുണ്ടോ എന്നു ചോദിച്ച വാത്മീകിയോട്, അങ്ങനെയൊരാൾ ഈ ഭൂഖണ്ഡത്തിലുണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞത് നാരദമുനിയാണ്. അയോദ്ധ്യയിൽ ദശരഥ മഹാരാജാവിന്റെ മകൻ ശ്രീരാമനാണ് എല്ലാം തികഞ്ഞ ആ മനുഷ്യൻ എന്നായിരുന്നു മറുപടി.
വാത്മീകി മഹർഷിയുടെ കാവ്യവും എഴുത്തച്ഛന്റെ കാവ്യവും തമ്മിൽ ചില വ്യതിയാനങ്ങൾ കാണാം.വാത്മീകി രാമനെ അവതരിപ്പിക്കുന്നത് എല്ലാം തികഞ്ഞ മനുഷ്യനായാണ്; എഴുത്തച്ഛൻ അവതരിപ്പിച്ചത് അവതാര പുരുഷനായും. ദശാവതാരത്തിൽ ഏഴാമത്തെ അവതാരമായാണ് രാമനെ അവതരിപ്പിച്ചത്. ബ്രഹ്മാവ് കാലാകാലങ്ങളിൽ സമാധാനപാലനത്തിനും അനീതി അമർച്ച ചെയ്യാനും അവതരിപ്പിച്ചതാണ് അവതാരപുരുഷന്മാരെ. മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നിവയാണ് ആ ദശാവതാരങ്ങൾ. രാക്ഷസ രാജാവായ രാവണന്റെ വാഴ്ചയിൽ എല്ലാവരും ഭയന്നു കഴിയുമ്പോൾ രാവണനെ വകവരുത്തുവാൻ അവതരിച്ചതാണ് ശ്രീരാമൻ.
മനുഷ്യ മനസിൽ രൂഢമൂലമായിക്കിടക്കുന്ന ഭക്തിചിന്തകളെ വളർത്തിയെടുക്കുന്നതിൽ കാവ്യലോകം വലിയ പങ്കുവഹിച്ചു. രാമായണ പാരായണത്തിൽ ഭക്തിചിന്ത കടന്നുവരുന്നത് സ്വാഭാവികമാണ്. അതാണ് എഴുത്തച്ഛൻ അദ്ധ്യാത്മ രാമായണത്തിൽ ചേർത്തുവച്ചത്. ഭക്തരും നിരീശ്വരവാദികളും ഒരേ അളവിൽ സ്വീകരിച്ച കാവ്യമാണിത്. മാർക്സിസ്റ്റ് സിദ്ധാന്തപ്രകാരം മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നാണ്. അതുകൊണ്ട് അവർ ദൈവവിശ്വാസത്തെ നഖശിഖാന്തം എതിർക്കുകയും ചെയ്യുന്നു. എന്നാൽ അതിൽ മാർക്സ് പറഞ്ഞ വാക്കുകളുടെ പൂർണഭാഗം അവർ ബോധപൂർവം മറക്കാൻ ശ്രമിക്കുന്നു. അതിന്റെ കൂടെയുള്ള ഭാഗം ഇങ്ങനെയാണ്- 'കഷ്ടപ്പെടുന്നവരും പട്ടിണിയിൽ വേവുന്നവരും കണ്ണീരൊഴുക്കുന്നവരുമായ ജനകോടികളുടെ ദുഃഖഭാരം ഇറക്കിവയ്ക്കാനുള്ള അത്താണി കൂടിയാണ് മതം!"
ഈ സന്ദർഭത്തിൽ സി. അച്ചുതമേനോന്റെ 'രാമായണ ചിന്തകൾ" പരിശോധിക്കുന്നത് നന്നായിരിക്കും. അദ്ദേഹം രാമായണത്തെകുറിച്ച് പറഞ്ഞ അഭിപ്രായങ്ങൾ തിരഞ്ഞെടുത്ത സമ്പൂർണ കൃതിയിൽ നിന്ന് ഇവിടെ ഉദ്ധരിക്കുകയാണ്- 'എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള കൃതി ഏതെന്നു ചോദിച്ചാൽ പറയാൻ എളുപ്പമല്ല. ഏഴോ എട്ടോ വയസ് മുതൽ ഞാൻ വായിച്ച മലയാളവും ഇംഗ്ളീഷുമായ പുസ്തകങ്ങൾ നിരവധിയാണ്. വിശ്വസാഹിത്യത്തിലെ ക്ളാസിക്ക് കൃതികൾ, ഷേക്സ്പിയർ കൃതികൾ... എല്ലാം ഞാൻ വായിച്ചിട്ടുണ്ട്. ആദ്യം ഈസോപ്പ് കഥകളും പഞ്ചതന്ത്ര കഥകളും അതുപോലുള്ള സാഹിത്യകൃതികളും. തുടർന്ന് നോവൽ, ചെറുകഥ, കവിത എന്നിവയ്ക്കു പുറമെ ഗഹനമായ കൃതികളും വായിച്ചു...
എല്ലാ സാഹിത്യ ശാഖകളിലുമുള്ള പുസ്തകങ്ങൾക്കു പുറമെ ചരിത്രം,ശാസ്ത്രം, തത്വശാസ്ത്രം മുതലായവയെക്കുറിച്ചുള്ള പുസ്കങ്ങളും വായിക്കാൻ തുടങ്ങി. അങ്ങനെ 75 വയസിനിടയ്ക്ക് അനേകായിരം പുസ്തകങ്ങൾ വായിച്ചുകാണും. അതിൽ നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കുക എത്രയോ ദുഷ്കരമാണ്. ഇതൊക്കെയാണെങ്കിലും എന്നെ ഏറ്റവുമധികം ആകർഷിച്ച കൃതി എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണമാണെന്ന് ഞാൻ പറയും." (സി. അച്ചുതമേനോന്റെ തിരഞ്ഞെടുത്ത കൃതികൾ പേജ് 343)
രാമായണ കാവ്യത്തെ മനോഹരമായ ഗദ്യമാക്കി നമുക്ക് പരിചയപ്പെടുത്തിയ സി.വി. കുഞ്ഞുരാമന്റെ നിരീക്ഷണം വളരെ വിലപ്പെട്ടതാണ്. മനുഷ്യഹൃദയത്തിന്റെ എത്രയും അഗാധങ്ങളായ വികാരങ്ങളെയും കൃത്രിമനിധിയായ ഒരു സ്ത്രീയുടെ ഏഷണിയെയും, ഒരു പത്നിയുടെ അസൂയയെയും, ഒരു അമ്മയുടെ ഭയത്തെയും, ശാഠ്യമേറിയ ഒരു രാജ്ഞിയുടെ സിദ്ധാന്തത്തെയും, വാത്സല്യവും സ്നേഹവും നിറഞ്ഞ വൃദ്ധനായ ഒരച്ഛന്റെയും ഭർത്താവിന്റെയും അശക്തിയെയും ബുദ്ധിമുട്ടിനെയും ഇത്ര സാമർത്ഥ്യത്തോടും ശക്തിയോടും കൂടി വേറെ യാതൊരു കവിയും വർണിച്ചിട്ടില്ല. മനുഷ്യഹൃദയത്തിലെ അഗാധതകളെയും അത്യുൽക്കടങ്ങളുമായ സ്തോഭങ്ങളെയും ഇത്ര സാമർത്ഥ്യത്തോടും ഭക്തിയോടും കൂടി വേറൊരു കവിയും വർണിച്ചിട്ടില്ല. അത് ഇതിനേക്കാൾ വാസ്തവമായും കൃത്യമായും ശക്തമായും അവതരിപ്പിക്കുന്നതിന് മഹാകവി ഷേക്സ്പിയർക്കു തന്നെ സാധിച്ചിട്ടില്ല. (സി.വി.കുഞ്ഞിരാമൻ: വാത്മീകി രാമായണത്തിന്റെ ആമുഖോപന്യാസം)
ലോകത്തോളം വളർന്ന ഒരുമഹാകാവ്യത്തിന്റെ ലളിതമായ അവതരണമാണ് എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്. പുതിയ കാലത്തിന്റെ പ്രതിസന്ധികളെ കൂടി തരണം ചെയ്യുവാൻ മനസിനെ പാകമാക്കുവാനും, നേരിന്റെയും സ്നേഹത്തിന്റെയും വഴി പക്വമാക്കാനും വേണ്ടിയാണ് നമ്മൾ രാമായണ പാരായണം നിർവഹിക്കുന്നത്.