കായകല്പ് പുരസ്‌കാരം മിന്നിത്തിളങ്ങി ജില്ല

Thursday 17 July 2025 12:00 AM IST

കൊച്ചി: ആയുഷ് കായകല്പ് പുരസ്‌കാരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച് എറണാകുളം ജില്ല. ജില്ലാ ആശുപത്രി വിഭാഗത്തിൽ എറണാകുളം ആയുർവേദ ജനറൽ ആശുപത്രി ഒന്നാം സ്ഥാനവും, ഹോമിയോപ്പതി വിഭാഗത്തിൽ ജില്ലാ ഹോമിയോപ്പതി ആശുപത്രി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ജില്ലാ ആയുർവേദ ജനറൽ ആശുപത്രി

കച്ചേരിപ്പടിയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ ഉൾപ്പെടെ മികച്ച സൗകര്യങ്ങളാണുള്ളത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള മാതൃവന്ദനം (ഗർഭിണികൾക്കും പ്രസവാനന്തരമുള്ള പരിചരണവും), ആയുർവേദ പാലിയേറ്റീവ് ഹോം കെയർ, ആയുർലക്ഷ്മി (സ്ത്രീ രോഗങ്ങൾക്കുള്ളത്), വയോരക്ഷ (മുതിർന്ന പൗരന്മാരുടെ ആരോഗ്യസംരക്ഷണം) തുടങ്ങിയ പദ്ധതികൾ ഇവിടെ വിജയകരമായി നടപ്പാക്കുന്നുണ്ട്. ദിവസവും അഞ്ഞൂറിലേറെ രോഗികൾ ഔട്ട്‌പേഷ്യന്റ് (ഒ.പി.) വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്നു. ജനറൽ മെഡിസിൻ, മർമ്മ, മലദ്വാരരോഗം (പൈൽസ്, ഫിസ്റ്റുല), നേത്രം, ദൃഷ്ടി പദ്ധതി, പഞ്ചകർമ്മ, ബാലചികിത്സ, സ്‌പോർട്‌സ് ആയുർവേദം (കായിക താരങ്ങൾക്കുണ്ടാകുന്ന പരിക്കുകൾ), ജീവനി പദ്ധതി (പ്രമേഹ ചികിത്സ), സിദ്ധ, യോഗയും നാച്ചുറോപ്പതിയും തുടങ്ങിയ വിഭാഗങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 66 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവുമുണ്ട്.

ജില്ലാ ഹോമിയോപ്പതി ആശുപത്രി

ജില്ലാ ഹോമിയോപ്പതി ആശുപത്രിയിൽ ഡോക്ടർമാരടക്കം 20 സ്ഥിരം ജീവനക്കാരും എൻ.എച്ച്.എം. മുഖേനയുള്ള 24 ജീവനക്കാരും ഉൾപ്പെടെ 48 പേരാണുള്ളത്. മെഡിക്കൽ സൂപ്രണ്ട്, ആർ.എം.ഒ, മെഡിക്കൽ ഓഫീസർ എന്നിവ സ്ഥിരം തസ്തികകളാണ്. നാഷണൽ ആയുഷ് മിഷന്റെ ജനറൽ ഒ.പിക്ക് രണ്ട് ഡോക്ടർമാരുണ്ട്. കാരുണ്യ ആസ്മ അലർജി, സത്ഗദമയ തുടങ്ങിയ ഹോമിയോ ഡിപ്പാർട്ട്‌മെന്റ് പദ്ധതികളിൽ ഓരോ ഡോക്ടർമാരുണ്ട്. ജനനി ആയുഷ്മാൻഭവ ഇൻഫെർട്ടിലിറ്റി പദ്ധതിയിലും ഒന്നിലധികം ഡോക്ടർമാരുണ്ട്. 25 കിടക്കകളുള്ള കിടത്തി ചികിത്സാ വിഭാഗം ഇവിടെ സുസജ്ജമാണ്. മൂന്ന് നിലകളിലുള്ള ഒ.പി. ബ്ലോക്കും രണ്ട് നിലകളിലുള്ള ഐ.പി. ബ്ലോക്കും ഉൾപ്പെടെ രണ്ട് കെട്ടിടങ്ങളുണ്ട്. ദിവസവും ഉച്ചയ്ക്ക് 2 മണി വരെയാണ് ഒ.പി. സേവനമെങ്കിലും, വൈകിട്ട് 6 വരെ കാഷ്വാലിറ്റി ഒ.പി.യും പ്രവർത്തിക്കുന്നു. പാലിയേറ്റീവ് വിഭാഗത്തിൽ രജിസ്റ്റർ ചെയ്ത 450ലേറെ പേർക്ക് വീട്ടിലെത്തി ചികിത്സയും നൽകുന്നുണ്ട്. മരുന്ന്, ഡ്രസിംഗ്, ട്യൂബ് ഇടൽ, ഡയപ്പർ, അണ്ടർപാഡ്, വീൽചെയർ തുടങ്ങിയവയുടെ വിതരണവും ഇവിടെയുണ്ട്. ഈ വർഷം ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചു, മുൻ വർഷം ഇത് 20 ലക്ഷമായിരുന്നു.

 പരിഗണിച്ചവ

ശുചിത്വം

ബയോമെഡിക്കൽ മാലിന്യ സംസ്‌കരണം

ശുചീകരണം

വാട്ടർ ടാങ്ക് ശുചീകരണം

മാലിന്യനീക്കം

ഉന്നത നിലവാരമുള്ള ചികിത്സാസൗകര്യങ്ങൾ