വീഡിയോ കോൺഫറൻസ് ഹാൾ ഉദ്ഘാടനം
തലശ്ശേരി:കേരളത്തിലെ റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങളെ അതിവേഗതയിൽ കൊണ്ടുപോകാൻ പരിശ്രമിക്കുന്ന കാലത്ത് ആധുനിക സംവിധാനങ്ങൾ ഉണ്ടാവണമെന്നത് കാലഘട്ടം ആവശ്യപ്പെടുന്നതാണെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. സബ് കലക്ടർ ഓഫീസിൽ പുതുതായി നിർമ്മിച്ച വീഡിയോ കോൺഫറൻസ് ഹാൾ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. തലശ്ശേരി സബ്ബ് കളക്ടർ ഓഫീസ് കോമ്പൗണ്ടിൽ ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയാണ് കോൺഫറൻസ് ഹാൾ ആക്കി മാറ്റിയിട്ടുള്ളത്. 28 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. നിയമസഭ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ നിർമ്മിതി കേന്ദ്ര പ്രൊജക്ട് മാനേജർ കെ.സജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. സബ് കളക്ടർ കാർത്തിക് പാണിഗ്രഹി, തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ.എം.ജമുനാ റാണി, കണ്ണൂർ എ.ഡി.എം കലാ ഭാസ്‌കർ, തലശ്ശേരി തഹസിൽദാർ എം.വിജേഷ്,ഇരിട്ടി തഹസിൽദാർ സി വി.പ്രകാശൻ സബ് കളക്ടർ ഓഫീസ് സീനിയർ സൂപ്രണ്ട് പി.പ്രേംരാജ് തുടങ്ങിയവർ പങ്കെടുത്തു.