മൈതാനം നവീകരണത്തിന് ഒരു കോടി അനുവദിച്ചു

Wednesday 16 July 2025 8:42 PM IST

പയ്യന്നൂർ : കരിവെള്ളൂർ എ.വി. സ്മാരക ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനം നവീകരിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചു.

സംസ്ഥാന സർക്കാർ കായിക വകുപ്പ് മുഖേന നടപ്പിലാക്കുന്ന ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയിൽ നിന്ന് 50 ലക്ഷം രൂപയും എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും ചേർത്താണ് ഒരു കോടി രൂപ അനുവദിച്ചതെന്ന് ടി.ഐ.മധുസൂദനൻ എം.എൽ.എ അറിയിച്ചു. സ്പോർട്സ് കേരള ഫൗണ്ടേഷനാണ് നിർവ്വഹണ ചുമതല.ദേശീയ പാതയുടെ പ്രവൃത്തി ആരംഭിച്ച ഘട്ടം മുതൽ വെള്ളക്കെട്ട് രൂപപ്പെട്ട് ഗ്രൗണ്ട് ഉപയോഗ ശൂന്യമായിരുന്നു.പഞ്ചായത്തിലെ കായിക , സാംസ്‌കാരിക പരിപാടികളുടെ മുഖ്യ കേന്ദ്രമാണ് ഈ സ്കൂൾ മൈതാനം. സാങ്കേതിക നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് എം.എൽ.എ അറിയിച്ചു.