സ്‌ഫോടക വസ്തു കടത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് തടവും പിഴയും

Wednesday 16 July 2025 8:45 PM IST

തലശേരി: പിക്കപ്പ് ജീപ്പിൽ പച്ചക്കറികൾക്കിടയിൽ സ്‌ഫോടക വസ്തു ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കേസിൽ ഒന്നാംപ്രതിക്ക് വിവിധ വകുപ്പുകളിലായി 12 വർഷം തടവും 17000 രൂപ പിഴയും വിധിച്ചു.മട്ടന്നൂർ പഴശി സ്വദേശിയും ഡ്രൈവറുമായ രഞ്ജിത്തിനെ (48) ആണ് തലശേരി കോടതി ശിക്ഷിച്ചത്. രണ്ടാംപ്രതിയും സഹായിയുമായ കീഴല്ലൂർ പുതിയവളപ്പിൽ ദേവീ വിലാസത്തിൽ എം.പി ബിലുവിനെ (36) കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും കോടതിയിൽ ഹാജരാവാത്തതിനാൽ വിധി പറയുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി. 2012 രാവിലെ അഞ്ചിന് കിളിയന്തറ ചെക്ക്‌പോസ്റ്റിൽ നിന്നു എക്‌സൈസ് ഇൻസ്‌പെക്ടറായിരുന്ന റെജിമോനും സംഘവുമാണ് പ്രതികളെ പിടികൂടിയത്. പിക്കപ്പ് ജീപ്പിലെ പച്ചക്കറികൾക്കിടയിൽ മുന്നൂറ് കിലോ അമോണിയം നൈട്രേറ്റും 1000 ഡെറ്റനേറ്ററുമാണ് കണ്ടെടുത്തത്. ഇരിട്ടി പൊലിസാണ് വിവിധ വകുപ്പുകളിൽ കേസെടുത്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.