പ്രളയം തകർത്ത മൂന്നാറിലെ കോളേജ് പുനർനിർമ്മാണത്തിന് സ്ഥലം ഏറ്റെടുത്ത് സർക്കാർ
Wednesday 16 July 2025 10:29 PM IST
ഇടുക്കി: 2018ലെ പ്രളയത്തിൽ തകർന്ന മൂന്നാർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ പുനർനിർമ്മാണത്തിന് ഇടുക്കി മൂന്നാർ വില്ലേജിൽ സ്ഥലം വ്യവസ്ഥകൾക്ക് വിധേയമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തതായി ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. 2.8862 ഹെക്‌ടർ ഭൂമിയിലായാണ് കോളേജ് പുനർനിർമ്മിക്കുകയെന്ന് മന്ത്രി പറഞ്ഞു.
മൂന്നാർ എൻജിനീയറിങ് കോളേജിന്റെ കൈവശത്തിലുള്ള 1.4569 ഹെക്ടർ ഭൂമിയും ഡിറ്റിപിസിയുടെ കൈവശത്തിലുള്ള 0.8332 ഹെക്ടർ ഭൂമിയും റവന്യൂ വകുപ്പിന്റെ കൈവശത്തിലുള്ള 0.5961 ഹെക്ടർ ഭൂമിയും ചേർന്നുള്ള സ്ഥലമാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കൈമാറിയത്. ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി ഭൂമിയുടെ ഉപയോഗവും കൈവശാവകാശവും നിബന്ധനകൾക്ക് വിധേയമായി ഉന്നതവിദ്യാഭ്യാസ വകുപ്പിന് കൈമാറിക്കൊണ്ടാണ് ഉത്തരവായിട്ടുള്ളത്