ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് വിജയത്തിലേക്ക്
തിരുവനന്തപുരം: വിദ്യാർത്ഥി സമൂഹത്തിൽ വ്യവസായ സംരംഭകത്വം വളർത്താൻ വ്യവസായ വകുപ്പ് ആവിഷ്കരിച്ച ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് പദ്ധതി വിജയത്തിലേക്ക്. ആറ് ക്യാമ്പസ് പാർക്കുകൾക്ക് അംഗീകാരം നൽകി. പുതുതായി നിരവധി അപേക്ഷകളും ലഭിച്ചിട്ടുണ്ട്. താലൂക്ക് അടിസ്ഥാനത്തിൽ ഇത്തരം സംരംഭങ്ങൾക്ക് താത്പര്യമുള്ള ക്യാമ്പസുകളുടെ യോഗം വിളിച്ച് പട്ടിക തയ്യാറാക്കാൻ ഇന്നലെ വ്യവസായ വകുപ്പ് ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം ജില്ലാ വ്യവസായകേന്ദ്രം മാനേജർമാർക്ക് നിർദ്ദേശം നൽകി. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധീനതയിലുള്ള ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി വ്യവസായ ആവശ്യങ്ങൾക്ക് ഉപയുക്തമാക്കാനുള്ള പദ്ധതിയാണ് ഇത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന ഗവേഷണ പ്രവർത്തനങ്ങളിലൂടെ കണ്ടെത്തുന്ന ഉത്പന്നങ്ങളുടെ വ്യാവസായിക ഉത്പാദനം വേഗത്തിൽ തുടങ്ങാനുള്ള സംവിധാനം ആവിഷ്കരിക്കാനും ലക്ഷ്യമുണ്ട്. അപേക്ഷ ജില്ലാതല കമ്മിറ്റി പരിശോധിച്ച് വ്യവസായ വാണിജ്യ ഡയറക്ടർക്ക് സമർപ്പിക്കും. തുടർന്ന് അപേക്ഷകൾ സർക്കാർ തലത്തിൽ എട്ട് വകുപ്പുതല സെക്രട്ടറിമാർ അടങ്ങുന്ന ഉന്നതസമിതി പരിശോധിച്ച് ഡെവലപ്പർ പെർമിറ്റ് അനുവദിക്കും. കമ്മിറ്റി ചെയർമാൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കൺവീനർ വ്യവസായ വാണിജ്യ ഡയറക്ടറുമാണ്.
വേണ്ടത് അഞ്ചേക്കർ ഭൂമി
കുറഞ്ഞത് അഞ്ച് ഏക്കർ ഭൂമിയുള്ള സർക്കാർ/ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് (ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, പോളിടെക്നിക്കുകൾ) ക്യാമ്പസ് വ്യവസായ പാർക്കുകൾക്ക് അപേക്ഷിക്കാം. സ്റ്രാൻഡേർഡ് ഡിസൈൻ ഫാക്ടറി സ്ഥാപിക്കാൻ കുറഞ്ഞത് രണ്ട് ഏക്കർ ഭൂമിയാണ് വേണ്ടത്. 30 വർഷത്തേക്കാണ് ഡവലപ്പർ പെർമിറ്റ് അനുവദിക്കുക. കണ്ടെത്തുന്ന ഭൂമി തീരദേശ പരിപാലന നിയമ പരിധിയിലോ പരിസ്ഥിതി ദുർബല മേഖലയിലോ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപരിധിയിലോ ഉൾപ്പെടുന്നതാവരുത്.
ക്യാമ്പസ് വ്യവസായ പാർക്കിൽ പൊതു സൗകര്യങ്ങളായ റോഡ്, വൈദ്യുതി, ഡ്രെയിനേജ്, അനുബന്ധ പരിശോധനകൾ എന്നിവയ്ക്കായി ധനസഹായം
20 ലക്ഷം രൂപ (ഏക്കറിന് ധനസഹായം )
1.5 കോടി രൂപ (പരമാവധി ധനസഹായം )
ആറ് ക്യാമ്പസുകൾക്ക് അംഗീകാരം
എസ്.എൻ.പോളിടെക്നിക്ക് (കൊല്ലം)
ബസേലിയസ് മാത്യൂസ് കോളേജ്(കൊല്ലം)
സെന്റ് ആന്റണീസ് കോളേജ്, പെരുവന്താനം(ഇടുക്കി)
സെയിന്റ്ഗിറ്റ്സ് കോളേജ് ഒഫ് എൻജിനിയറിംഗ് (കോട്ടയം)
എം.ഇ.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ആൻഡ് മാനേജ്മെന്റ്(കൊല്ലം)
ലൂർദ് മാതാ കോളേജ് ഒഫ് സയൻസ് ആൻഡ് ടെക്നോളജി (തിരുവനന്തപുരം)