ആലപ്പുഴ മെഡി.കോളേജ് ആശുപത്രിയിൽ അപൂർവ്വ ശസ്ത്രക്രിയ

Thursday 17 July 2025 1:42 AM IST

അമ്പലപ്പുഴ : ലക്ഷത്തിൽ ഒരാൾക്കു മാത്രം കണ്ടു വരുന്ന അപൂർവ്വ രോഗം ശസ്ത്രക്രിയയിലൂടെ പരിഹരിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ .ആലപ്പുഴ കാർത്തികപ്പള്ളി പുത്തൻ മണ്ണേൽ രണദേവിനായിരുന്നു (66) ശസ്ത്രക്രിയ. ശബ്ദ വ്യത്യാസത്തെ തുടർന്ന് ഇ.എൻ.റ്റി ഒ .പിയിൽ ചികിത്സ തേടിയ രണദേവിന് സി.റ്റി സ്കാനിംഗ് നടത്തിയപ്പോൾ, ഹൃദയത്തിൽ നിന്നും ശുദ്ധ രക്തം വഹിച്ചു കൊണ്ടു പോകുന്ന മഹാധമനിയിൽ നിന്നും തലച്ചോറിലേക്കുള്ള രക്തം വഹിക്കുന്ന രക്തധമനിക്ക് സമീപത്തായി വീക്കം കണ്ടെത്തി. തുടർചികിത്സക്കായി രണദേവിനെ ഹൃദയശസ്ത്രക്രിയാ വിഭാഗത്തിലേക്ക് മാറ്റി.

ജൂൺ 30 നായിരുന്നു 10 മണിക്കൂറോളം സമയമെടുത്ത ശസ്ത്രക്രിയ. മഹാധമനിയുടെ പ്രാധാന്യമേറിയ ഭാഗത്തുള്ള ശസ്ത്രക്രിയ ആയതിനാൽ ഹൃദയത്തിന്റെ പ്രവർത്തനം പൂർണ്ണമായും നിർത്തി ഹാർട്ട് ലങ് മെഷീനിന്റെ സഹായത്താൽ തലച്ചോറിലേക്കും മറ്റു ശരീരഭാഗങ്ങളിലേക്കും ശരീര ഊഷ്മാവ് കുറച്ച് നിയന്ത്രിതമായ രീതിയിൽ തടസ്സമില്ലാതെ രക്തചംക്രമണം സാധ്യമാക്കുകയായിരുന്നു പ്രധാന വെല്ലുവിളി. 4 മണിക്കൂറോളം ഇതെല്ലാം കൃത്യമായ രീതിയിൽ ഹാർട്ട് ലങ് മെഷിനിന്റെസഹായത്തോടെ സാധ്യമാക്കുകയും വീക്കം വന്ന ഭാഗം നീക്കം ചെയ്ത് കൃത്രിമ രക്തധമനി വച്ചു പിടിപ്പിക്കുകയും ചെയ്തു. ഇന്നലെ രോഗി ആരോഗ്യവാനായി ആശുപത്രി വിട്ടു. സ്വകാര്യ ആശുപത്രികളിൽ 15 ലക്ഷത്തോളം ചിലവു വരുന്ന ഈ ശസ്ത്രക്രിയ ആരോഗ്യ പദ്ധതി പ്രകാരം 3 ലക്ഷത്തോളം രൂപ ചിലവിലാണ് ഇവിടെ നടത്തിയത്. കാർഡിയാക് സർജനും പ്രൊഫസറുമായ ഡോ.വി.സുരേഷ് കുമാർ, അസോ. പ്രൊഫസർമാരായ ഡോ.കെ.ടി.ബിജു, ഡോ.ആനന്ദക്കുട്ടൻ, ഡോ.കൊച്ചു കൃഷ്ണൻ, അനസ്തേഷ്യസ്റ്റുമാരായ എച്ച്.ഒ.ഡി ഡോ.വീണ, ആശുപത്രി സൂപ്രണ്ട് ഡോ.ഹരികുമാർ ,അസി.പ്രൊഫ.ഡോ.ബിട്ടു, ഡോ.അനാമിക, ഡോ. ചോംങ്, പെർഫ്യൂഷനിസ്റ്റുമാരായ പി.കെ.ബിജു, അൻസു മാത്യു, നഴ്സുമാരായ റെജിമോൾ, സരിത വർഗീസ്, രാജലക്ഷ്മി, അർച്ചന, ഉബീന, ഹാഷിദ്, ടെക്നീഷ്യൻ ശ്രീജിത്ത്, നഴ്സിംഗ് അസിസ്റ്റന്റുമാരായ സുധർമ്മ ,സീന, വിനോദ് എന്നിവർ ശസ്ത്രക്രിയയിൽ പങ്കെടുത്തു.