അമ്പലത്തിലെ ഭണ്ഡാരമോഷണം പ്രതി പിടിയിൽ

Thursday 17 July 2025 12:44 AM IST

പ്രതിയിലേക്കെത്തിയത് ഗേറ്റ് അനാലിസിസ് ടെക്‌നോളജി വഴി

കോഴിക്കോട്: അമ്പലങ്ങളിലെ ഭണ്ഡാരം മോഷണം നടത്തുന്നയാൾ പിടിയിൽ. മഹാരാഷ്ട്ര മുംബെ വടാല സ്വദേശി നസീം ഖാൻ (27 )നെയാണ് കസബ പൊലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 30നാണ് കേസ്സിനാസ്പദമായ സംഭവം. ചാലപ്പുറത്തെ കേസരി ഭവനിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിലെ ഭണ്ഡാരത്തിന്റെ ലോക്ക് പൊട്ടിച്ച് പണം എടുത്ത് കൊണ്ടുപോകുകയായിരുന്നു. ഇയാൾക്ക്‌നിലവിൽ സമാനമായ രണ്ട് കേസ് കസബ പൊലീസ് സ്റ്റേഷനിലുണ്ട്. ഗേറ്റ് അനാലിസിസ് ടെക്‌നോളജിയിലൂടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഒരു വ്യക്തിയുടെ നടക്കുമ്പോഴുള്ള ശൈലിയെ പരിചയപ്പെടുകയും അതിന്റെ അടിസ്ഥാനത്തിൽ വ്യക്തിയെ തിരിച്ചറിയുകയും ചെയ്യുന്ന ഒരു ടെക്‌​നോളജിയാണ് ഗേറ്റ് അനാലിസിസ്. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നുള്ള ശരീരഭാഷയും ചലനശൈലിയും ഉപയോഗിച്ച് വ്യക്തിയുടെ നടത്തം വിശകലനം ചെയ്യുകയും പ്രതിയുടെ മുഖം വ്യക്തമായി കാണാനാവാത്ത സമയങ്ങളിലും നടത്തത്തിന്റെ സവിശേഷതകൾ ഉപയോഗിച്ച് വ്യക്തിയെ തിരിച്ചറിയാൻ ഈ ടെക്‌നേളജി വഴി സാധിക്കും. സി.സി.ടി.വി ദൃശ്യങ്ങളിലെ നടത്തത്തിന്റെ ശൈലി ഡാറ്റാബേസിലുള്ള വിവരങ്ങളുമായി താരതമ്യം ചെയ്തു പ്രതിയെക്കുറിച്ച് മനസിലാക്കുകയായിരുന്നു.