ജലജീവനിൽ കരാറുകാർക്ക് കിട്ടാനുള്ളത് 5300 കോടി
ആലപ്പുഴ: ജലജീവൻ കുടിവെള്ള പദ്ധതിയിൽ വാട്ടർ അതോറിട്ടി കരാറുകാർക്ക് നൽകാനുള്ളത് 5300 കോടി. ഏപ്രിൽ 30 വരെ കുടിശ്ശിക 4874 കോടി രൂപയായിരുന്നെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയഷൻ പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളിക്ക് വിവരാവകാശ നിയമപ്രകാരം വാട്ടർ അതോറിട്ടി മറുപടി നൽകിയിരുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ ഒരുരൂപ പോലും കരാറുകാർക്ക് നൽകിയിട്ടില്ല. കേന്ദ്ര സർക്കാർ പദ്ധതിയായിട്ടും സംസ്ഥാന സർക്കാർ 442.97 കോടി രൂപ അധികമായി കരാറുകാർക്ക് നൽകിയിട്ടുണ്ട്. സംസ്ഥാന ബഡ്ജറ്റിൽ 560 കോടി രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും കേന്ദ്രവിഹിതം വരുന്നില്ലെന്ന കാരണത്താൽ കരാറുകാർക്ക് ഈ വർഷം പണം നൽകുന്നില്ല. ആകെ വേണ്ട 44718.78 കോടിയിൽ ഭൂരിഭാഗം തുകയും ഇനി കണ്ടെത്തണം. സംസ്ഥാനം 12000 കോടി രൂപ ബഡ്ജറ്റ് വിഹിതത്തിനു പുറമേ കടമെടുക്കാൻ ശ്രമിക്കുന്നുന്നുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ലെന്നും വർഗീസ് കണ്ണമ്പള്ളി പറഞ്ഞു.
കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യ വിഹിതം
1. കേന്ദ്രവും സംസ്ഥാനവും തുല്യ വിഹിതം നൽകേണ്ട പദ്ധതിയിൽ സംസ്ഥാനം 16425.50 കോടിയും കേന്ദ്രം 16848. 47 കോടിയും നൽകിയാൽ മാത്രമെ ജോലികൾ പൂർത്തീകരിക്കാനാവു. 2. കേന്ദ്രം ഇപ്പോൾ പുതിയ നിബന്ധനകൾ കൂടി നിർദ്ദേശിച്ചിരിക്കുകയാണ്. കേന്ദ്ര ജലശക്തി വകുപ്പ് പുതുതായി ആവശ്യപ്പെട്ടതിന്റെ 40 ശതമാനം കേന്ദ്രധനവകുപ്പ് വെട്ടിക്കുറച്ചതായാണ് വിവരം 3. കേന്ദ്രത്തിന്റെ പുതിയ നിബന്ധനപ്രകാരം സംസ്ഥാന സർക്കാർ ആദ്യ അടങ്കൽ തുകയ്ക്ക് പുറമേ വരുന്ന എല്ലാ ചെലവുകളും വഹിക്കണം. കൂടാതെ അടങ്കൽ തുകയുടെ പകുതിയും വഹിക്കണം
4. സംസ്ഥാനത്തിന്റെ കടമെടുപ്പ് പദ്ധതിക്കുള്ളിൽ നിന്നു മാത്രമേ ജലജീവൻ മിഷനു വേണ്ടിയും കടമെടുക്കാൻ സംസ്ഥാനത്തിന് കഴിയൂ. 2024ൽ പൂർത്തിയാകേണ്ടിയിരുന്ന കുടിവെള്ള പദ്ധതിയുടെ കാലാവധി 2028 വരെ ദീർഘിപ്പിച്ചിട്ടുണ്ട്
പൈപ്പിടാൻ വേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾ കാൽ നടയാത്രക്കാർക്കു പോലും ഭീഷണിയായിത്തീർന്നിരിക്കുകയാണ്. നഷ്ടപരിഹാരം നൽകി തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കരാറുകാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കുടിശിക എപ്പോൾ നൽകുമെന്ന് പറയാൻ പോലും വാട്ടർ അതോറിറ്റിക്ക് കഴിയുന്നില്ല വർഗീസ് കണ്ണമ്പള്ളി സംസ്ഥാന പ്രസിഡന്റ്, കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ