നായാടി മുതൽ നസ്രാണി വരെ ഐക്യം അനിവാര്യം: തുഷാർ വെള്ളാപ്പള്ളി

Thursday 17 July 2025 12:00 AM IST

ചേർത്തല :നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ ഐക്യത്തിലൂടെ മാത്രമേ സാമൂഹ്യനീതി യാഥാർത്ഥ്യമാക്കാൻ കഴിയൂവെന്ന് എസ്.എൻ.ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു..യോഗത്തിന്റെ കോട്ടയം,ആലപ്പുഴ,എറണാകുളം ജില്ലകളിലെ യൂണിയൻ പ്രസിഡന്റ്,സെക്രട്ടറിമാരുടെ ഓൺലൈൻ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനിച്ച മണ്ണിൽ ജീവിക്കാനുള്ള പടയോട്ടമാണ് ഈ സമുദായങ്ങൾ നടത്തുന്നത്. ഒരു മതവിഭാഗം സംഘടിത ശക്തിയിലൂടെ ഭരണകൂടത്തെ പരിധിയിൽ നിറൂത്തുന്നതും മറ്റു സമുദായങ്ങളെ നോക്കുകുത്തിയാക്കുന്നതുമാണ് ഇന്ന് കാണുന്നത്.ന്യൂനപക്ഷ പ്രീണനം അടവുനയമാണ്. ഇവിടെ ന്യൂനപക്ഷം വളർന്നത് ഭൂരിപക്ഷത്തെ ചൂഷണം ചെയ്താണ്. ഹിന്ദുജനസംഖ്യ ഗണ്യമായി കുറഞ്ഞപ്പോൾ ന്യൂനപക്ഷ ജനസംഖ്യ ഗണ്യമായി വർദ്ധിച്ചു.ഹിന്ദു -ക്രിസ്ത്യൻ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ക്രൈസ്തവ സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങൾ ഗൗരവമായി കാണണമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

കാലിക പ്രസക്തമായ വിഷയങ്ങൾ ചർച്ച ചെയ്യാനും,സാമുദായിക ശക്തി സമാഹരണത്തിനും യോഗത്തിന്റെ നേതൃത്വത്തിൽ 19 മുതൽ നടക്കുന്ന ശാഖാനേതൃത്വ സംഗമങ്ങളുടെ മുന്നൊരുക്കങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ആദ്യഘട്ടമായി ആലപ്പുഴ,കോട്ടയം,എറണാകുളം ജില്ലകളിലെ ശാഖാ ഭാരവാഹികൾ,കുടുബയൂണിറ്റ്, പോഷകസംഘടനാ ഭാരവാഹികൾ ഉൾക്കൊള്ളുന്ന സംഗമങ്ങളാണ് നടത്തുന്നത്. 19ന് രാവിലെ 9ന് കോട്ടയം യൂണിയനിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം നിർവഹിക്കും.