ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം ഭാഗികമായി റദ്ദാക്കി

Thursday 17 July 2025 12:04 AM IST

കൊച്ചി: ഡ്രൈവിംഗ് ടെസ്റ്റിനുള്ള ഇരുചക്ര വാഹനങ്ങൾക്ക് കാൽകൊണ്ട് മാറ്റാവുന്ന ഗിയറും 95 സി.സിയിലേറെ ശേഷിയും വേണമെന്ന നിബന്ധന ഹൈക്കോടതി റദ്ദാക്കി. 18 വർഷത്തിലധികം പഴക്കമുള്ള വാഹനം ഉപയോഗിക്കരുത്, ലൈറ്റ് മോട്ടോർ ടെസ്റ്റിന് ഓട്ടോമാറ്റിക് വാഹനം പാടില്ല എന്നീ നിബന്ധനകളും റദ്ദാക്കി.

2024 ഫെബ്രുവരി 21നാണ് ഗതാഗത കമ്മിഷണർ സർക്കുലർ ഇറക്കിയത്. നിർദ്ദേശങ്ങൾ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾക്കു വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവ്.

അതേസമയം, മോട്ടോർ സൈക്കിൾ റോഡ് ടെസ്റ്റ് വാഹനത്തിരക്കുള്ള റോഡിലാകണമെന്ന നിബന്ധന ശരിവച്ചു. നാലുചക്ര വാഹനങ്ങളുടെ ഗ്രൗണ്ട് ടെസ്റ്റിന് ആംഗുലർ, പാരലൽ പാർക്കിംഗ്, സിഗ്-സാഗ് ഡ്രൈവിംഗ്, ഗ്രേഡിയന്റ് ടെസ്റ്റ് (കയറ്റത്തിൽ നിറുത്തി മുന്നോട്ടെടുക്കൽ) എന്നിവയും തുടരാം. ഇവ കേന്ദ്ര ചട്ടങ്ങൾക്ക് വിരുദ്ധമല്ലെന്നും ടെസ്റ്റിന്റെ കാര്യക്ഷമത ഉയർത്തുമെന്നും കോടതി വിലയിരുത്തി.

ഒരു മോട്ടോർ വാഹന ഇൻസ്പെക്ടറുടെ ടീമിൽ ദിവസേന 40 ടെസ്റ്റ്,​ ലേണേഴ്സ് ടെസ്റ്റിന് ഇതിന് ആനുപാതികമായ എണ്ണം എന്നിവ അംഗീകരിച്ചു. സർക്കുലറിനെതിരെ മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ അടക്കം നൽകിയ ഹർജികൾ തീർപ്പാക്കിയാണ് ഉത്തരവ്.

ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർമാരായി സാങ്കേതിക വിദ്യാഭ്യാസമുള്ളവരെ പരിഗണിക്കണമെന്നും സർക്കുലറിൽ നിർദ്ദേശമുണ്ടായിരുന്നു. വിഷയം കേന്ദ്ര ചട്ടങ്ങളുടെ പരിധിയിലുള്ളതാണെങ്കിലും നിർബന്ധമാക്കിയിട്ടില്ലാത്തതിനാൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

ഡാഷ് ക്യാമറ വേണ്ട

ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഡാഷ് ക്യാമറ,​ ടെസ്റ്റ് നടപടികൾ റെക്കാഡ് ചെയ്യാൻ വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസ് എന്നിവ സ്ഥാപിക്കണമെന്ന നിബന്ധന നിയമപരമായി നിലനിൽക്കില്ല. ഡാറ്റ മൂന്നു മാസം ഓഫീസിൽ സൂക്ഷിക്കണമെന്നും സർക്കുലറിലുണ്ട്. വാഹനം, അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയവ നിഷ്കർഷിക്കാനുള്ള അധികാരം കേന്ദ്രസർക്കാരിനാണ്.

ക​ണ്ട​ക്ട​ർ​ ​ലൈ​സ​ൻ​സി​ന് ഏ​ഴാം​ ​ക്ലാ​സ് ​മ​തി

തി​രു​വ​ന​ന്ത​പു​രം​:​ ​ക​ണ്ട​ക്ട​ർ​ ​ലൈ​സ​ൻ​സി​ന് ​ഏ​ഴാം​ ​ക്ളാ​സ് ​പാ​സ് ​മ​തി​യെ​ന്ന് ​മ​ന്ത്രി​ ​കെ.​ബി.​ഗ​ണേ​ശ്‌​കു​മാ​ർ.​ ​പ​ത്താം​ ​ക്ലാ​സ് ​പ​രീ​ക്ഷ​ ​എ​ഴു​ത​ണ​മെ​ന്ന​താ​ണ് ​നി​ല​വി​ലെ​ ​മാ​ന​ദ​ണ്ഡം.​ ​സ്വ​കാ​ര്യ​ ​ബ​സു​ക​ളി​ലെ​ ​ക​ൺ​സ​ഷ​ൻ​ ​കാ​ർ​ഡി​നും​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​വ​കു​പ്പ് ​പ്ര​ത്യേ​ക​ ​ആ​പ്പ് ​ഏ​ർ​പ്പെ​ടു​ത്തും.​ ​ബ​സ് ​ഹാ​ജ​രാ​ക്കു​ന്ന​വ​ർ​ക്ക് ​മാ​ത്ര​മേ​ ​ഇ​നി​ ​റൂ​ട്ട് ​പെ​ർ​മി​റ്റ് ​അ​നു​വ​ദി​ക്കൂ.​ ​നി​ല​വി​ൽ​ ​പെ​ർ​മി​റ്റ് ​കി​ട്ടി​യ​ ​ശേ​ഷ​മാ​ണ് ​പ​ല​രും​ ​ബ​സി​റ​ക്കു​ന്ന​ത്.​ ​ഇ​തൊ​രു​ ​വ്യാ​ജ​ ​ഇ​ട​പാ​ടാ​യി​ ​മാ​റി​യി​ട്ടു​ണ്ടെ​ന്ന് ​മ​ന്ത്രി​ ​പ​റ​ഞ്ഞു.