കീം പ്രോസ്പെക്ടസ് മാറ്റം, സുപ്രീംകോടതി വാദം കേൾക്കും
തിരുവനന്തപുരം: കീം റാങ്ക് ലിസ്റ്റ് വരുന്നതിന് തൊട്ടുമുമ്പ് മാർക്ക് ഏകീകരണത്തിന് പുതിയ ഫോർമുല ഏർപ്പെടുത്തിയതാണ് പ്രശ്നമായത്. ഇത്തരത്തിൽ പ്രൊസ്‌പെക്‌ടസിൽ ഭേദഗതി കൊണ്ടുവരാൻ കഴിയുമോയെന്ന നിയമപ്രശ്‌നത്തിൽ സുപ്രീംകോടതി വാദം കേൾക്കും. കേരള സിലബസ് വിദ്യാർത്ഥികളുടെ ഹർജിയിൽ മറുപടി സമർപ്പിക്കാൻ സർക്കാരിനോട് നിർദ്ദേശിച്ചു. പ്രവേശനപരീക്ഷാ കമ്മിഷണർക്കും ഹൈക്കോടതിയിലെ ഹർജിക്കാരായ ഗാരിവിനോ ജോർജ്, ആസിം അബ്‌ദുള്ള എന്നീ സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്കും നോട്ടീസ് അയയ്ക്കും. അടിയന്തരവാദം അടുത്തയാഴ്ച കേൾക്കണമെന്ന് സ്റ്റേറ്റ് വിദ്യാർത്ഥികൾക്കായി പ്രശാന്ത് ഭൂഷൺ, പി.എസ്.സുൽഫിക്കർ അലി എന്നിവർ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. സ്റ്റേറ്റ്- സി.ബി.എസ്.ഇ മാർക്ക് അസമത്വം അടുത്ത വർഷത്തെ കീം പരീക്ഷ മുതൽ ഒഴിവാക്കുമെന്നാണ് സർക്കാർ നിലപാട്.
ഇക്കാര്യം സുപ്രീംകോടതിയിലെ വാദമുഖങ്ങളുടെ ബലം അനുസരിച്ചിരിക്കും.
നിയമപോരാട്ടം തുടരും
കേരള സിലബസ് വിദ്യാർത്ഥികൾ നിയമപോരാട്ടം തുടരുമെന്ന് അഡ്വ. സുൽഫിക്കർ അലി പറഞ്ഞു. അപ്പീലുമായി സർക്കാർ വന്നിരുന്നുവെങ്കിൽ തീരുമാനം മറ്റൊന്നാകുമായിരുന്നു. അനീതി പരിഹരിക്കാനാണ് ഭേദഗതിയെന്ന് ബോദ്ധ്യപ്പെടുത്താമായിരുന്നു. സമയബന്ധിതമായി ഭേദഗതി വരുത്തേണ്ടതായിരുന്നു.
സ്റ്റേറ്റ് നിലവാരം ഉയർത്തണം
സ്റ്റേറ്ര് സിലബസിൽ വിദ്യാഭ്യാസ നിലവാരം ഉയർത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്കു വേണ്ടി ഹാജരായ രാജു രാമചന്ദ്രൻ, അൽജോ കെ. ജോസഫ് എന്നിവർ വാദിച്ചു. മത്സരപ്പരീക്ഷയിൽ പിന്നാക്കം പോകുന്നെങ്കിൽ സർക്കാരാണ് പൂർണ ഉത്തരവാദി.