പട്ടയമേളയ്‌ക്കൊരുങ്ങി പത്തനംതിട്ട

Thursday 17 July 2025 12:21 AM IST

പത്തനംതിട്ട : എല്ലാവർക്കും ഭൂമി എല്ലാവർക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന മുദ്രാവാക്യവുമായി റവന്യുവകുപ്പ് പട്ടയമേള 21ന് രാവിലെ 10 മുതൽ പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി കെ.രാജൻ കൈവശരേഖ കൈമാറും. ജില്ലയിൽ 307 പട്ടയമാണ് വിതരണത്തിന് ക്രമീകരിച്ചിട്ടുള്ളത്. കോന്നി (36), റാന്നി (79), ആറൻമുള (80), തിരുവല്ല (24), അടൂർ (39) എന്നിങ്ങനെയാണ് ജില്ലയിൽ പട്ടയം വിതരണം ചെയ്യുന്നത്. അടൂർ താലൂക്കിലെ പെരിങ്ങനാട് വില്ലേജിലെ പള്ളിക്കൽ പഞ്ചായത്തിലെ എട്ടാം വാർഡ് കോളനിയിലെ 16 കൈവശക്കാർക്ക് പട്ടയം നൽകും. പട്ടയമിഷന്റെ ഭാഗമായി പട്ടയ ഡാഷ്‌ ബോർഡിൽ ഉൾപ്പെടുത്തിയ തിരുവല്ല കോയിപ്രം വില്ലേജിലെ തെറ്റുപാറ കോളനിയിലെ 10 കൈവശക്കാർക്കും പട്ടയം ലഭിക്കും. പട്ടയവിഷയത്തിൽ സർക്കാർ നേരിട്ട് നടപടി എടുക്കേണ്ടവയാണ് പട്ടയഡാഷ് ബോർഡിൽ ഉൾപ്പെടുത്തുന്നത്. പെരുമ്പെട്ടി വില്ലേജിൽ ഡിജിറ്റൽ സർവേ നടപടിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. സർവേ നടപടി പൂർത്തിയാക്കുന്നതനുസരിച്ച് കൈവശക്കാരുടെ പട്ടയ അപേക്ഷയിൽ നടപടി സ്വീകരിക്കും.

മലമ്പണ്ടാര കുടുംബങ്ങൾക്കും പട്ടയം

മലമ്പണ്ടാര വിഭാഗത്തിലെ 49 കുടുംബങ്ങൾക്ക് പട്ടയം നൽകും. വനാവകാശ നിയമപ്രകാരം ഒരേക്കർ ഭൂമി വീതം ലഭ്യമാക്കും. കേരളത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന പട്ടികവർഗ വിഭാഗങ്ങളിലൊന്നാണ് മലമ്പണ്ടാരം. ഉൾവനങ്ങളിൽ നിന്ന് വിഭവങ്ങൾ ശേഖരിച്ചാണ് ഉപജീവനം. കോന്നിയിൽ 32 ഉം റാന്നിയിൽ 17 ഉം കുടുംബങ്ങൾക്ക് പട്ടയം ലഭിക്കും. കോന്നി, സീതത്തോട് ഗ്രാമപഞ്ചായത്തിലെ മൂഴിയാർ ഭാഗത്ത് സായിപ്പിൻ കുഴി, ഗുരുനാഥൻ മണ്ണിലെ ചിപ്പൻ കുഴി, ഗവി, കക്കി എന്നിവിടങ്ങളിൽ താമസിക്കുന്ന 32 മലമ്പണ്ടാര കുടുംബങ്ങൾക്കും കൈവശ രേഖ നൽകും. റാന്നി ചാലക്കയം, പ്ലാപ്പള്ളി എന്നിവ ഉൾപ്പെടുന്ന ശബരിമല കാടുകളിൽ താമസിച്ചിരുന്ന 37 മലമ്പണ്ടാര കുടുംബങ്ങളിലെ 20 പേർക്ക് 2023ൽ ഭൂമി നൽകിയിരുന്നു. റാന്നി, പെരുനാട് ഗ്രാമപഞ്ചായത്തിലെ മഞ്ഞത്തോട് പ്രകൃതിയിലാണ് ഇവർക്ക് ഇടമൊരുക്കിയത്. ശേഷിക്കുന്ന 17 കുടുംബങ്ങൾക്ക് 21ന് കൈവശ രേഖ നൽകും.